LiveTV

Live

Sports

ധോണിയെ ആരാധിക്കുന്ന ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേത്രി

ധോണിയെ ആരാധിക്കുന്ന ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേത്രി
Summary
മഹേന്ദ്ര സിങ് ധോണി വെറുമൊരു ക്രിക്കറ്റ് താരമല്ല. ഒട്ടേറെ പേര്‍ക്ക് പ്രചോദനം കൂടിയാണ്.

മഹേന്ദ്ര സിങ് ധോണി വെറുമൊരു ക്രിക്കറ്റ് താരമല്ല. ഒട്ടേറെ പേര്‍ക്ക് പ്രചോദനം കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച നായകന്‍ ധോണിയാണെന്ന് വാഴ്‍ത്തുന്നവര്‍ കുറച്ചൊന്നുമല്ല. ഇന്ത്യന്‍ ടീമിന് തന്‍റെ നായകത്വത്തില്‍ നേടിക്കൊടുത്ത ട്രോഫികളുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇതിന് വെല്ലുവിളികളുല്ല. രാജ്യം എക്കാലവും ധോണിയെ അഭിമാനപൂര്‍വമാണ് നോക്കിക്കാണുന്നതും. ധോണിയെ മാതൃകയാക്കുന്നത് ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല, ആഗോളതലത്തില്‍ സെലിബ്രിറ്റികളും താരത്തെ പ്രചോദനമായാണ് കാണുന്നത്. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള ധോണിയുടെ കഴിവിനെയാണ് അവര്‍ ആരാധിക്കുന്നത്. കായികമേഖലയില്‍ വമ്പന്‍ നേട്ടം കൊയ്തവരും ധോണിയെ പിന്തുടരുന്നവരാണ്. ദക്ഷിണാഫ്രിക്കന്‍ അത്‍ലറ്റ് കാസ്റ്റര്‍ സെമന്യയും ധോണിയുടെ ആരാധകവൃന്ദത്തില്‍പെടും.

ലിംഗവിവാദത്തില്‍ കുടുങ്ങി കരിയര്‍ അവസാനിപ്പിക്കേണ്ട അവസ്ഥയില്‍നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റ ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരിയാണ് കാസ്റ്റര്‍ സെമന്യ. 2011, 2012 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കൊത്തിപ്പറന്ന സെമന്യ 2016 ഒളിമ്പിക്സില്‍ സ്വന്തം രാജ്യത്തിന് വേണ്ടി സ്വര്‍ണമണിഞ്ഞു. ധോണിയുടെ കളി കണ്ട് താരത്തിന്‍റെ ആരാധകയായതല്ല സെമന്യ. ധോണിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രം കണ്ട ശേഷമാണ് മുന്‍ ഇന്ത്യന്‍ നായകനോട് സെമന്യക്ക് ആരാധന തോന്നുന്നത്. അവരത് ട്വിറ്ററിലൂടെ തുറന്നുപറയുകയും ചെയ്തു. 'ഞാന്‍ താങ്കളുടെ ചിത്രം കണ്ടു. വളരെ പ്രചോദനം നല്‍കുന്നതായിരുന്നു അത്. സല്യൂട്ട്' - ഇങ്ങനെയായിരുന്നു സെമന്യയുടെ ട്വീറ്റ്.