LiveTV

Live

Sports

ബ്ലാസ്റ്റേഴ്‌സിനെ ഗോളില്‍ മുക്കി എഫ് സി ഗോവ 

ബ്ലാസ്റ്റേഴ്‌സിനെ ഗോളില്‍ മുക്കി എഫ് സി ഗോവ 
Summary
കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്‍ നാലാം സീസണില്‍ ആദ്യ തോല്‍വി

സമനിലക്കുരുക്കില്‍ നിന്ന് രക്ഷതേടി എവെ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്‍ നാലാം സീസണില്‍ ആദ്യ തോല്‍വി. എഫ്‌സി ഗോവയോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റമ്പിയത്. മത്സരത്തില്‍ ആകെ പിറന്നത് ഏഴ് ഗോളുകള്‍. കഴിഞ്ഞ മത്സരത്തില്‍ ഒരോ ഗോള്‍ വീതം നേടി ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചുവെങ്കില്‍ അത് ഇക്കുറി രണ്ട് ഗോളാക്കി. ഫലം തോല്‍വിയാണെന്ന് മാത്രം. ഗോവക്കായി സ്പാനിഷ് താരം ഫെറാന്‍ കോറോമിനസ് ഹാട്രിക്ക് നേടി. രണ്ടാം പകുതിയിലായിരുന്നു കോറോമിനസിന്റെ ഹാട്രിക്ക് അതും മിനുറ്റുകളുടെ വ്യത്യാസത്തില്‍(48,51,55).

മാനുവേല്‍ ലാന്‍സരോട്ടയാണ് ആദ്യ പകുതിയില്‍ ഗോവക്കായി ഗോള്‍ നേടിയത്(9,18 മിനുറ്റുകള്‍). ബ്ലാസ്റ്റേഴ്‌സിനായി മാര്‍ക്ക് സിഫ്‌നിയോസ്(7ാം മിനുറ്റ്) ജാക്കിചന്ദ് സിങ്(31ാം മിനുറ്റ്) എന്നിവര്‍ വലകുലുക്കി. കളിയുടെ ഫലത്തിന് വിപരീതമായി സിഫ്‌നിയോസിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം ഗോള്‍ നേടിയത്. 7ാം മിനുറ്റില്‍ ജാക്കിചന്ദ് സിങ്ങ് നല്‍കിയ പാസിലായിരുന്നു സിഫ്‌നിയോസിന്റെ ഗോള്‍. പിടിക്കാമായിരുന്ന പന്ത് ഗോള്‍കീപ്പറില്‍ നിന്ന് വഴുതി ഗോളാകുകയായിരുന്നു. എന്നാല്‍ ഈ ആനുകൂല്യം അധികം നിലനിന്നില്ല. 9ാം മിനുറ്റില്‍ നാരായണ്‍ ദാസിന്റെ ഒന്നാന്തരമൊരു ക്രോസ് പോസ്റ്റിലേക്ക് തിരിച്ചായിരുന്നു ലാന്‍സരോട്ടയുടെ ആദ്യ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ പേരുകേട്ട പ്രതിരോധ നിരയെ ഒന്നടങ്കം കബളിപ്പിച്ചായിരുന്നു ലാന്‍സരോട്ടയുടെ രണ്ടാം ഗോള്‍.

എന്നാല്‍ 30ാം മിനുറ്റില്‍ മിലന്‍ സിങ് നല്‍കിയ പാസുമായി ഗോള്‍മുഖത്തേക്ക് കയറിയ ജാക്കിചന്ദ് സിങ് മുന്നോട്ട് വന്ന ഗോളിക്കിടയിലൂടെ മനോഹരമായ പ്ലേസിങ് (2-2), ബ്ലാസ്റ്റേഴ്‌സ് ഒപ്പത്തിനൊപ്പം. സമനിലയില്‍ ഇടവേളക്ക് പിരിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോവയുടെ തേരോട്ടമായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ കൊറോമിനസ് ഹാട്രിക്ക് നേടിയപ്പോള്‍ ഗോവ ഗോള്‍ അഞ്ചാക്കി ഉയര്‍ത്തി. ഒപ്പം പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പൊരുതിയെങ്കിലും നിരാശയായിരന്നു ഫലം.