LiveTV

Live

Sports

പാകിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

പാകിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
Summary
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച സ്‍കോര്‍.

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‍കോര്‍. മഴ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ 48 ഓവറായി കളി വെട്ടിച്ചുരുക്കിയപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് അടിച്ചുകൂട്ടി.

പാകിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാരായി പാഡണിഞ്ഞത്. നായകന്‍ വിരാട് കൊഹ്‍ലിയുടെ വിശ്വാസം കാത്തായിരുന്നു ഇരുവരുടെയും പ്രകടനം. പതിവിന് വിരുദ്ധമായി പതിഞ്ഞ താളത്തില്‍ നിന്ന് പതിയെ അടിച്ചുകയറുകയായിരുന്നു ഇരുവരും. അര്‍ധ ശതകം തികച്ച് രോഹിത് - ധവാന്‍ കൂട്ടുകെട്ട് നയം വ്യക്തമാക്കി. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മയാണ് ആദ്യം അര്‍ധശതകം കുറിച്ചത്. ദബ് ഖാനെ സിക്സറിന് പറത്തിയായിരുന്നു രോഹിത് അമ്പതിലേക്ക് നീങ്ങിയത്. അധികം വൈകാതെ ധവാനും അര്‍ധശതകം പൂര്‍ത്തിയാക്കി. ഇടയ്ക്ക് എത്തിയ മഴ അല്‍പ്പസമയം കവര്‍ന്നെങ്കിലും മത്സരം പുനഃരാരംഭിച്ചതോടെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സ്കോറിങിന് വേഗത കൂട്ടി. 71 പന്തുകളില്‍ നിന്നാണ് രോഹിത് അര്‍ധശതകം നേടിയതെങ്കില്‍ ധവാന് വേണ്ടിവന്നത് കേവലം 48 പന്തുകള്‍ മാത്രമാണ്. 136 റണ്‍സ് പിറന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ധവാനെ വീഴ്ത്തി ശദബ് ഖാനാണ് അവസാനം കുറിച്ചത്. 65 പന്തുകളില്‍ നിന്നും 68 റണ്‍സായിരുന്നു ധവാന്‍റെ സംഭാവന.

സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ കാലിടറിയ രോഹിതിന് 91 റണ്‍സുമായി മടങ്ങേണ്ടിവന്നതായിരുന്നു പാകിസ്താന്‍ ഇന്ത്യക്ക് കരുതിവെച്ച അപ്രതീക്ഷിത തിരിച്ചടി. 119 പന്തില്‍ നിന്ന് ഏഴു ബൌണ്ടറികളുടെയും രണ്ടു സിക്സറിന്‍റെയും അകമ്പടിയോടെയാണ് രോഹിത് 91 റണ്‍സെടുത്തത്. ഇതോടെ പിന്നെ നായകന്‍ വിരാട് കൊഹ്‍ലിയും യുവരാജ് സിങുമായി ക്രീസില്‍. കൊഹ്‍ലി മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് തന്ത്രപൂര്‍വം റണ്‍സ് കണ്ടെത്തിയപ്പോള്‍ കുട്ടിക്രിക്കറ്റിലെ ആക്രമണ ശൈലിയില്‍ സ്കോറിങ് വേഗം കൂട്ടുകയായിരുന്നു യുവരാജ്. പാക് ബോളര്‍മാരെ യുവിയുടെ ബാറ്റ് കണക്കിന് പ്രഹരിച്ചു. ഒരു റണ്ണുമായി ക്രീസിലുള്ളപ്പോള്‍ യുവിയെ പാക് താരം ഹസന്‍ അലി കൈവിട്ടതിന്‍റെ ശിക്ഷയായിരുന്നു പിന്നീടങ്ങോട്ടുള്ള ഇന്നിങ്സ്. ഇതിനിടെ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ കൊഹ്‍ലിയും കേളിശൈലി മാറ്റിപ്പിടിച്ചു. ഹസനെ ഗാലറിയിലേക്ക് പറത്തിയായിരുന്നു കൊഹ്‍ലി അര്‍ധ സെഞ്ച്വറി തികച്ചത്. കൊഹ്‍ലിയും ആക്രമണത്തിലേക്ക് വഴി മാറിയതോടെ ഇന്ത്യയുടെ സ്‍കോറിങിന് റോക്കറ്റ് വേഗമായി.

പാകിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

അവസാന ഓവറുകളിലേക്ക് അടുത്തതോടെ യുവിയും കൊഹ്‍ലിയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനിടെ 29 പന്തില്‍ നിന്നു യുവരാജും അര്‍ധ ശതകം പൂര്‍ത്തിയാക്കി. വഹാബിനെ അതിര്‍ത്തി കടത്തിയാണ് പാകിസ്താനെതിരായ യുവിയുടെ അര്‍ധ ശതകം പിറന്നത്. ഇതിനിടെ 32 പന്തില്‍ നിന്നു 53 റണ്‍സെടുത്ത യുവിയെ വിക്കറ്റിനു മുമ്പില്‍ കുരുക്കി ഹസന്‍ അലി തന്നാലാവുംവിധം പ്രായ്ശ്ചിത്തംചെയ്തു. യുവിക്ക് പകരക്കാരനായി എത്തിയ ഹര്‍ദിക് പാണ്ഡ്യയും ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യയുടെ സ്‍കോര്‍ 300 കടന്നു. ഇമദ് വാസിമിന്‍റെ ആദ്യ മൂന്നു പന്തും സിക്സര്‍ പറത്തിയാണ് പാണ്ഡ്യ കളംപിടിച്ചത്. 68 പന്തില്‍ നിന്നു പുറത്താകാതെ 81 റണ്‍സ് അടിച്ചുകൂട്ടിയ കൊഹ്‍ലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യയുടെ ടോട്ടല്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലെത്തി.