LiveTV

Live

Sports

കൊമ്പന്‍മാരുടെ മസ്തകത്തില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയ ചരിത്രനേട്ടം

കൊമ്പന്‍മാരുടെ മസ്തകത്തില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയ ചരിത്രനേട്ടം
Summary
ഐഎസ്എല്‍ ചരിത്രത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‍സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ഐഎസ്എല്‍ ചരിത്രത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‍സ്. മുംബൈ സിറ്റിയെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ചപ്പോള്‍ മഞ്ഞപ്പടക്കൊപ്പം കൂടെ പോന്നത് ചരിത്രനേട്ടമായിരുന്നു. എവേ മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ടു വിജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ബ്ലാസ്റ്റേഴ്‍സിനെ തേടിയെത്തിയിരിക്കുന്നത്.

കൊമ്പന്‍മാരുടെ മസ്തകത്തില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയ ചരിത്രനേട്ടം

ഐഎസ്‍എല്ലിന്‍റെ തുടക്കം മുതല്‍ ഏറെക്കുറെ സ്ഥിരതയുള്ള, കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ടീമുകളിലൊന്നായിരുന്നു ബ്ലസ്റ്റേഴ്‍സ്. എന്നാല്‍ ഈ സീസണിന്‍റെ തുടക്കത്തില്‍ മഞ്ഞപ്പട ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. വിരസമായ സമനിലകളായിരുന്നു ഈ നിരാശക്ക് കാരണം. ഒടുവില്‍ നിരാശ മൂത്ത് മാനേജര്‍ റെനെ മ്യുളന്‍സ്റ്റീനിനെ പുറത്താക്കിയത് വരെയെത്തി കാര്യങ്ങള്‍. റെനെക്ക് പകരക്കാരനായി ഡേവിഡ് ജെയിംസ് എത്തിയതോടെ കൊമ്പന്‍മാരുടെ നല്ലകാലവും ആരംഭിച്ചുവെന്ന് വേണം കരുതാന്‍. ഡേവിഡ് ജെയിംസ് എത്തിയതിന് ശേഷം ഡല്‍ഹി ഡൈനാമോസിന്‍റെ സ്വന്തം മണ്ണില്‍ പോരാട്ടത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്‍സ് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക് ഗോള്‍ മികവില്‍ ബ്ലാസ്റ്റേഴ്‍സ് ഡല്‍ഹിയെ തൂത്തെറിഞ്ഞു. ലീഗിലെ തൊട്ടടുത്ത എവേ മത്സരമായിരുന്നു ഇന്നലെ മുംബൈയില്‍. ഡല്‍ഹിയോട് എടുത്തത്ര ആക്രമണവീര്യമുണ്ടായിരുന്നില്ലെങ്കിലും ഹ്യൂമിലൂടെ തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ജയം സ്വന്തമാക്കി. ഇതോടെ ഈ രണ്ടു മത്സരങ്ങളില്‍ നിന്നുമായി ആറു പോയിന്‍റുകള്‍ കേരളം കൂട്ടിച്ചേര്‍ത്തു. ഒപ്പം പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനവും. ഇനി രണ്ടു ഹോം മത്സരങ്ങളാണ് കേരളത്തിനുള്ളത്. എഫ്‍സി ഗോവയ്ക്കും ഡല്‍ഹി ഡൈനാമോസിനും എതിരെയാണിത്. സ്വന്തം മണ്ണില്‍ മഞ്ഞപ്പട ഒരിക്കല്‍ കൂടി കരുത്ത് തെളിയിച്ചാല്‍ ടൂര്‍ണമെന്‍റില്‍ അനിഷേധ്യശക്തിയായി ബ്ലാസ്റ്റേഴ്‍സ് ഉയര്‍ത്തെഴുന്നേല്‍ക്കും.