LiveTV

Live

Sports

ടീം ഇന്ത്യയെ കളി പഠിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് വരുന്നു

ടീം ഇന്ത്യയെ കളി പഠിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് വരുന്നു
Summary
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് വരുമെന്ന് സൂചന.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് വരുമെന്ന് സൂചന. അനില്‍ കുംബ്ലെയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയാല്‍ ദ്രാവിഡ് തന്റെ പുതിയ ഇന്നിങ്സിന് തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രവി ശാസ്ത്രി കഴിഞ്ഞ വര്‍ഷം ഒഴിച്ചിട്ടുപോയ ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് പ്രധാന പരിശീലകനായ കുംബ്ലെയെ നിയോഗിച്ചാല്‍ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുക ദ്രാവിഡിനെയായിരിക്കും.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പര പൂര്‍ത്തിയാകുന്നതോടെ ഈ മാറ്റം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജുലൈയിലാണ് കുംബ്ലെയെ മുഖ്യ പരിശീലകനായി നിയമിക്കുന്നത്. കുംബ്ലെയുടെ തന്ത്രങ്ങളില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകളെ നിലംപരിശാക്കിയിരുന്നു. നിലവില്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. ഏപ്രില്‍ പകുതിയോടെ കുംബ്ലെ ടീം ഡയറക്ടറായി ചുമതലയേല്‍ക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബംഗളൂരു ടെസ്റ്റിന് ശേഷം സുപ്രിംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി കുംബ്ലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അധികാരക്രമത്തിന് സമാനമായ ചട്ടക്കൂടിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും പൊളിച്ചെഴുതാനാണ് അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റിയുടെ നീക്കം. ഇന്ത്യയുടെ എല്ലാ ക്രിക്കറ്റ് ടീമുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഒരാളിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയാണ് ഇനിയുണ്ടാകുക. അങ്ങനെയിങ്കില്‍ സീനിയര്‍, ഇന്ത്യ എ, ജൂനിയര്‍ ടീമുകള്‍, വനിതാ ടീം തുടങ്ങിയ സംഘങ്ങളുടെ ചുമതല കുംബ്ലെയിലേക്ക് എത്തും. ഇത് അധികഭാരമാകുമെങ്കിലും ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാനുള്ള സമയം കുംബ്ലെക്ക് നല്‍കിയിട്ടുണ്ട്.