LiveTV

Live

Sports

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശമില്ലെന്ന് ഓയിന്‍ മോര്‍ഗന്‍

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശമില്ലെന്ന് ഓയിന്‍ മോര്‍ഗന്‍
Summary
2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് വരെ ക്യാപ്ടന്‍ സ്ഥാനത്ത് തുടരും

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശമില്ലെന്ന് ഇംഗ്ലണ്ട് പരിമിത ഓവര്‍ ടീം നായകന്‍ ഓയിന്‍ മോര്‍ഗന്‍. 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് വരെ ക്യാപ്ടന്‍ സ്ഥാനത്ത് തുടരുമെന്നും മോര്‍ഗന്‍ വ്യക്തമാക്കി. അലിസ്റ്റര്‍ കുക്ക് ടെസ്റ്റ് ടീം നായക സ്ഥാനം ഒഴിയുകയും പകരം ജോ റൂട്ട് നായകനായി നിയമിതനാവുകയും ചെയ്ത സാഹചര്യത്തിലാണ് പരിമിത ഓവര്‍ ക്യാപ്ടനായ ഓയിന്‍ മോര്‍ഗന്‍ നയം വ്യക്തമാക്കുന്നത്. ഇനി ഒരിക്കലും ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരില്ലെന്ന് 2012 ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മോര്‍ഗന്‍ പറഞ്ഞു. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും 2019 ലെ ലോക കപ്പിനുമായി ടീമിനെ സജ്ജമാക്കുന്നതിലാണ് ശ്രദ്ധ. രണ്ട് ടൂര്‍ണമെന്റുകളും ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ ഇത് വളരെ പ്രധാനമാണ്. അതിനാല്‍‌ തന്നെ താന്‍ ക്യാപ്ടന്‍ സ്ഥാനത്ത് തുടരുമെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി 16 ടെസ്റ്റുകള്‍ മാത്രമാണ് മോര്‍ഗന്‍ കളിച്ചിട്ടുള്ളത്. അതേസമയം ഏകദിന ട്വന്റി ട്വന്റി നായകനായ മോര്‍ഗന്റെ കീഴില്‍ ഇംഗ്ലണ്ട് അപകടകാരികളായ ഒരുപറ്റം കളിക്കാരുടെ കൂട്ടമായി മാറി. ഇത്തവണ നടന്ന ഐ പി എല്‍ താരലേലത്തില്‍ പോലും ഇംഗ്ലണ്ട് താരങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചത്. മാര്‍ച്ചില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയാണ് മോര്‍ഗന്റെ മുന്നിലുള്ളത്. പിന്നീട് ഐ പി എല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന മോര്‍ഗന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളത്തിലിറങ്ങും. പിന്നീട് മെയില്‍‌ അയര്‍ ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് നാട്ടിലേക്ക് മടങ്ങുന്ന മോര്‍ഗന്‍ വീണ്ടും ഐ പി എല്‍ ക്യാമ്പിലേക്ക് തിരികെയെത്തും. ഇതിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍ മോര്‍ഗന്‍ ചേരും.