LiveTV

Live

Sports

ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ

ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ
Summary
ചെന്നൈയിന്‍ എഫ് സിയേയും ഗോവയേയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് എവേ മല്‍സരത്തിനിറങ്ങുന്നത്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. മുംബൈ സിറ്റിയാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യത സജീവമാക്കാനുളള ഒരുക്കത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.

ചെന്നൈയിന്‍ എഫ് സിയേയും ഗോവയേയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് എവേ മല്‍സരത്തിനിറങ്ങുന്നത്. മുംബൈ സിറ്റിയുടെ മൈതാനത്ത് ജയം തന്നെയാണ് സ്റ്റീവ് കോപ്പലിന്റെ സംഘത്തിന്റെ ലക്ഷ്യം. ഇനി നാല് മല്‍സരങ്ങളാണ് ബ്ലാസ്‌റ്റേഴിസിന് അവശേഷിക്കുന്നത്.

പത്ത് കളികളില്‍ നിന്ന് 15 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. നാല് ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടുന്നു. മുന്നേറ്റത്തില്‍ സി കെ വിനീതിന്റെ അപാര ഫോമിലാണ് കോപ്പലിന്റെ പ്രതീക്ഷ. വിനീതിനേയും ബെല്‍ഫോര്‍ട്ടിനേയും ദിദിയര്‍ കഡിയേയും പിടിച്ചുകെട്ടാന്‍ മുംബൈ പ്രതിരോധം നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഒപ്പം അന്റോണിയോ ജെര്‍മനില്‍ നിന്നും മുഹമ്മദ് റാഫിയില്‍ നിന്നും ടീം കൂടുതല്‍പ്രതീക്ഷിക്കുന്നു.

സന്ദേശ് ജിങ്കാനും ഹോസുവും അണിനിരക്കുന്ന പ്രതിരോധക്കോട്ട ഭേദിക്കാന്‍ മുംബൈ മുന്നേറ്റനിര കഠിനശ്രമം നടത്തണം. ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരുഗോളിന് മുംബൈയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്.

സ്വന്തം മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിനോട് കണക്ക് തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി. നിലവില്‍ 11 കളികളില്‍ നിന്ന് 16 പോയന്റുമായി രണ്ടാം സ്ഥാനത്താണ് മുംബൈ. നാല് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയും മുംബൈയുടെ അക്കൗണ്ടിലുണ്ട്. കാണികളുടെ പിന്തുണ മുംബൈയെ തുണയ്ക്കും.