LiveTV

Live

Sports

സ്വര്‍ണത്തിന് ഒരു സ്മാഷ് അകലെ സിന്ധു

സ്വര്‍ണത്തിന് ഒരു സ്മാഷ് അകലെ സിന്ധു
Summary
ജാപ്പനീസ് താരം നസോമി ഒകുഹാരയെ 21-19, 19-10ന് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ...
സ്വര്‍ണത്തിന് ഒരു സ്മാഷ് അകലെ സിന്ധു

ഒളിംപിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ച് പിവി സിന്ധു ബാഡ്മിന്റണ്‍ വനിതാവിഭാഗം ഫൈനലില്‍. ജാപ്പനീസ് താരം നസോമി ഒകുഹാരയെ 21-19, 19-10ന് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ഒളിംപിക്സ് ബാഡ്മിന്‍റണില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇതോടെ പിവി സിന്ധു സ്വന്തമാക്കി.

ഉയരത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കുന്ന രീതിയിലായിരുന്നു ജപ്പാന്‍ താരത്തിനെതിരെ സിന്ധു കളിച്ചത്. സിന്ധുവിന് അഞ്ച് അടി 10 ഇഞ്ചും നസോമി ഒകുഹാരക്ക് അഞ്ച് അടിയുമാണ് ഉയരം. ജാപ്പനീസ് താരത്തെ കോര്‍ട്ടിന്റെ നാല് ഭാഗത്തേക്കും ഓടിച്ച് സിന്ധു ആദ്യ ഗെയിമില്‍ മേധാവിത്വം നേടി.

ആദ്യഗെയിമിന്റെ ആദ്യ പകുതി 11-8നാണ് സിന്ധു സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ജപ്പാന്‍ താരം തിരിച്ചു വരാന്‍ പരമാവധി ശ്രമിച്ചു. നാല് പോയിന്റിന്റെ വ്യത്യാസം രണ്ടും ഒന്നുമാക്കി കുറച്ചു കൊണ്ടുവരാനായെങ്കിലും ഒകുഹാരക്ക് ആദ്യ ഗെയിമിന്റെ അവസാനഘട്ടത്തില്‍ മുന്‍തൂക്കം നേടാനായില്ല. ഒടുവില്‍ 21-19ന് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. ഇതോടെ സമ്മര്‍ദ്ദം ജാപ്പനീസ് താരത്തിന് മേലായി.

രണ്ടാംഗെയിമില്‍ സിന്ധുവിന്റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. ആദ്യ പകുതി 11-10ന് നേടിയ ശേഷം രണ്ടാം പകുതിയില്‍ ഒരു പോയിന്റ് പോലും എതിരാളിക്ക് നല്‍കാതെയാണ് സിന്ധു ഫൈനലിലേക്ക് കൊടുങ്കാറ്റായി എത്തിയത്. നിര്‍ണ്ണായക സമയങ്ങളില്‍ പിഴവുകള്‍ വരുത്തിയതും ഒകുഹാരക്ക് തിരിച്ചടിയായി.

സ്പാനിഷ് താരം കരോലിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. നാളെ ഇന്ത്യന്‍ സമയം രാത്രി 07.30നാണ് സിന്ധു സ്വര്‍ണ്ണം തേടി കോര്‍ട്ടിലിറങ്ങുക. നിലവില്‍ വനിതാ ബാഡ്മിന്‍റണില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് കരോലിന മാരിന്‍.