LiveTV

Live

Sports

ഫുട്ബോൾ വിരുന്നൊരുക്കി ജർമനി

ഫുട്ബോൾ വിരുന്നൊരുക്കി ജർമനി
Summary
ഇന്നേക്ക് കൃത്യം ഒരു മാസം മുൻപായിരുന്നു ജർമനിയെ സ്ലോവാക്യ അവരുടെ അവസാന സന്നാഹ മത്സരത്തിൽ ഔഗൂസ്ബർഗിൽ വച്ചു ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നാണം കെടുത്തിയത്.

മുഹമ്മദ് അഷ്‌റഫ്

ഇന്നേക്ക് കൃത്യം ഒരു മാസം മുൻപായിരുന്നു ജർമനിയെ സ്ലോവാക്യ അവരുടെ അവസാന സന്നാഹ മത്സരത്തിൽ ഔഗൂസ്ബർഗിൽ വച്ചു ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നാണം കെടുത്തിയത്. നിനച്ചിരിക്കാതെ അന്നത്തെ വൈരികൾ ഇന്ന് യൂറോ കപ്പിന്റെ പ്രീ ക്വർട്ടറിൽ മുഖാമുഖം കണ്ടപ്പോൾ അന്നത്തെ ജർമനിയെ ആയിരുന്നില്ല ഇന്ന് കാണാനായത്. ജർമനിക്കു സാർവ്വ ദേശീയ ഫുട്ബോൾ രംഗത്തുള്ള പേരാണ് "ടിപ്പിക്കൽ ടൂർണമെന്റ് ടീമെന്നതു്", അതു അക്ഷരം പ്രതി ശെരിയാണെന്നു തെളിയിക്കുന്ന വിസ്മയ പ്രകടനങ്ങൾ ആണ് ഇന്നവർ ആദ്യ നിമിഷം മുതൽ കെട്ടഴിച്ചു വിട്ടത്. കൈസർ ബക്കാൻബവറുടെ കാലത്തെ അവർ വിജയകരമായി പ്രാവർത്തികമാക്കിയിട്ടുള്ള 4-2-3-1 ശൈലി യിൽ തന്നെയാണ് കോച്ച്‌ യോ ആഹീം ലോയിവ് ഇന്നും ടീമിനെ അണി നിരത്തിയത്.

കഴിഞ്ഞ ദിവസം വരെ സംശയമായിരുന്നു ഇന്നത്തെ ഹീറോ ജെറോം ബോ ആട്ടെങ്ങിനു പരുക്കുകാരണം ഇന്ന്കളിക്കുവാൻ കഴിയുമോയെന്ന്. അവസാന നിമിഷമാണ് ജർമൻ മെഡിക്കൽ വിഭാഗത്തിന്റെ അനുമതിയോടെ അതിനു നിയോഗിക്കപ്പെട്ടത്. ഇന്ന് ജർമൻ പ്രതിരോധനിര അങ്ങേയറ്റം ലളിതവും ഫലപ്രദവും ആയി അവരുടെ കടമ നിർവഹിച്ചപ്പോൾ ഒരുമാസം മുൻപ് ജർമൻ പ്രതിരോധ നിരയിൽ തേരോട്ടം നടത്തിയിരുന്ന മാരക്ക് ഹാമിക്കിനും കുക്കാക്കുക്കും വൈസിനും ഇന്ന് അവിടേക്കു കടന്നു ചെല്ലാൻ പോലും കഴിഞ്ഞില്ല. അവരുടെ എല്ലാമുന്നേറ്റങ്ങളും ഇന്ന് ലീബറോ പൊസിഷനിൽ കളിച്ച ജെറോം ബോ ആ ടെൻങിന്റെ കാൽ കരുത്തിനു മുന്നിൽ നിഷ്പ്രഭമായിപ്പോയി. ഇന്നത്തേത് പോലെ സന്തുലിതമായ ഒരു പ്രകടനം അവസാനമായി ജർമൻ ടീമിൽ നിന്നു കണ്ടത് കഴിഞ്ഞ ലോക കപ്പിൽ ബ്രസീലിനു എതിരെയുള്ള സെമി ഫൈനലിൽ ആയിരുന്നു.

ആദ്യ നിമിഷം മുതലേ ഇടതു വശത്തു നിന്നു യോനാസ് ഹെക്റ്റർ തരപ്പെടുത്തിയ ആക്രമണം ഖെദീര , മ്യുളർ യോസിൽ വഴി ഡ്രാക്‌സ്‌ലർക്കും ഗോമസിനും എത്തിക്കൊണ്ടിരുന്നു. ഈ മുന്നേറ്റങ്ങൾ തടഞ്ഞിടാൻ ഇംഗ്ലണ്ടിനു എതിരെ കളിച്ചപ്പോൾ മൂക്കു തകർന്നത് കാരണം ഇന്ന് മാസ്‌ക്കുമായി കളിക്കുവാൻ ഇറങ്ങിയ പെക്കറിക്കിനും, ഗിയോബ്രക്കും, സ്ക്കൂട്ടൽക്കും പരുക്കൻ അടവുകൾ തന്നെ സ്വീകരിക്കേണ്ടി വന്നു. എട്ടാം മിനിറ്റിൽ ഇതുപോലൊരു ഫൗൾ അവസരം ജർമൻ മധ്യ നിര വിദഗ്‌ധമായി ഉപയോഗിച്ചപ്പോൾ അതു ഇന്നത്തെ ആദ്യ ഗോളിനും വഴി മരുന്നിട്ടു. ക്രോസ്സ് എടുത്ത ഫൗൾകിക്ക് പെകറിക്കു പുറത്തേക്കു അടിച്ചപ്പോൾ ലഭിച്ച കോർണർ ക്രോസ് തന്നെ എടുത്തതു ഖെദീരയുടെ തലയിൽ നിന്നു 25 മീറ്റർ അകലെ നിന്ന ബോ ആ ട്ടെങ്ങിന്റെ മുന്നിൽ എത്തിയതും അതിശക്തമായ ഒരു ഗറ്റൗണ്ട് ഷോട്ടോടെ നേരെ സ്ലോവാക്യയുടെ വലയിലേക്ക് പായിച്ചതു വെടിയുണ്ടപോലെ നെറ്റ് തുളച്ചു അതു കടന്നു പോയി. അതോടെ ആക്രമണത്തിന് വേഗതകൂട്ടിയ ജർമനിയും കൂടുതൽ ഗോൾ കടക്കാതെ പ്രതിരോധം തീർത്തു സ്ലോവാക്യയും നിലയുറപ്പിച്ചു.

മാറിയോ ഗ്വാറ്റ്സെക്കു പകരക്കാരനായിട്ടെത്തിയ യൂലിയാൻ ഡ്രാക്സ്ലർ വഴി ആയിരുന്നു ഇന്നത്തെ എല്ലാ മുന്നേറ്റങ്ങളും. പത്രണ്ടാം മിനിറ്റി , ഡ്രാക്സ്ലർ പെനാൽറ്റി ബോക്സിലേക്ക് മറിച്ചുകൊടുത്ത ത്രൂ പാസ് എടുക്കാനെത്തിയ ഗോമസിനെ മാർട്ടീൻ സ്റ്റ്രണ്ടാൽ മറിച്ചിട്ടു. തുടർന്നുകിട്ടിയ പെനാൽറ്റി മെസൂത് യോസിൽ അലക്ഷ്യമായി ഗോളി കാസ്സചിക്കിന്റെ കൈകളിൽ അടിച്ചു കൊടുത്തു. അതു മാത്രമായിരുന്നു ഇന്ന് ജർമൻ ഭാഗത്തു നിന്നുണ്ടണ്ടായ ഏക വീഴ്ച. മാരക്ക് ഹാംസിക്കും ,കൂക്കയും ,ഡ്യുരിക്കും കൂടി ജർമൻ നിരയിലേക്ക് അത്യപൂർവ്വമായിട്ടെത്തിച്ച മുന്നേറ്റങ്ങളിലൊന്നു നാൽപ്പത്തി ഒന്നാം മിനിറ്റിൽ മാനുവൽ നോയറെ ശെരിക്കും പരീക്ഷിക്കുകയും ചെയ്തു. ഹാംസിക്കിന്റെ ക്രോസിൽ ചാടി കുക്ക ഹെഡ് ചെയ്തപന്തു ആയാസപ്പെട്ട് നോയർ തട്ടി ബാറിന് മുകളിലൂടെ പറത്തിവിട്ടു. തുടർന്നു കിട്ടിയ കോർണറും സ്ലോവായക്കു പ്രയോജനപ്പെടുത്താനായില്ല. തൊട്ടടുത്ത കൗണ്ടർ അറ്റാക്ക് തന്നെ ജർമനിയുടെ രണ്ടാം ഗോളിനും വഴിയൊരുക്കി. ഖേധീരയിൽ നിന്നും കിട്ടിയ പാസ് ഹെക്റ്റർ നീട്ടിയടിച്ചപ്പോൾ അതു ഹൃദ്യമായി ഡ്രിബിൾ ചെയ്തു മുന്നേറിയ ഡ്രാക്സ്ലർ അതു തന്ത്രപരമായി ഗോമസിന്റെ മുന്നിൽ എത്തിച്ചു. മിന്നുന്ന ഗതിവേഗത്തിൽ ജർമനിയുടെ സൂപ്പർ ഫോർഡ് അതു കൊസാച്ചകിനെ കബളിപ്പിച്ചു വലയിലെത്തിച്ചു. ജർമനി 2-0 മുന്നിൽ.

ഗതിവേഗവും പന്തടക്കവും ആയി കളം നിറഞ്ഞു കളിക്കുവാനായിട്ടുതന്നെയായിരുന്നു രണ്ടാം പകുതിയിലും ലോക ചാമ്പ്യന്മാർ രംഗത്തു എത്തിയത്. എന്നാൽ ആദ്യ ഗോൾ അവസരം കിട്ടിയത് സ്ലോവാക്യക്കായിരുന്നു. അമ്പതാം മിനിറ്റിൽ മിഡ് ഫീൽഡിൽ നിന്നും വയീസ് ഡ്യുറയ്ക്കു ഹാംസിക്കു സഖ്യം മുന്നേറ്റത്തിലൂടെ കൊണ്ടെത്തിച്ചു. പന്തു കുക്ക അതി ശക്‌തമായി ജർമൻ വല ലക്ഷ്യമാക്കി നിറയൊഴിച്ചെങ്കിലും നോയർ അനായാസം അതു കൈയിൽ ഒതുക്കി. ഇതുവരെയുള്ള മത്സരങ്ങളിൽ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഗോളിയാണ് താൻ എന്നു തെളിയിക്കുന്ന പ്രകടനം. അതോടെ സ്ലോവാക്യൻ ഗോൾ ഭീഷണിയും അവസാനിച്ചു. അറുപത്തി മൂന്നാം മിനിറ്റിലെ ജർമൻ സംയുക്ത മുന്നേറ്റം ഇന്നത്തെ ഏറ്റവും മനോഹരമായ ഗോളിനും വഴിയൊരുക്കി. കിമ്മിഷ് വലതു വശത്തു നിന്നെത്തിച്ച പാസ് ഖെദീര മ്യുളർ വഴി സ്ലോവാക്യൻ പെനാൽറ്റി ബോക്സിൽ എത്തിയപ്പോൾ അപകടം ഒഴിവാക്കാനായി പെക്കറക്ക് കോർണറിനു വഴങ്ങി ക്രോസ്സിന്റെ കോർണർ ഹുമ്മൽസ് ഉയർന്നുചാടി ഹെഡ് ചെയ്തതും ഒരു നർത്തകന്റെ ചുവടുമായി ഉയർന്നുകുത്തിച്ച ഡ്രാക്ക്‌സ്‌ലർ അതി മനോഹരമായി അതു വല കടത്തി ജർമനിയുടെ ആധികാരിക വിജയവും ഉറപ്പിച്ചു. തുടർന്നു, കളി സാവധാനമാക്കിയ ലോക ജേതാക്കൾ , അവരുടെ മുൻ നായകൻ ഷ്വയിൻ സ്റ്റയിഗർക്കും മുൻ ഗോളടിവീരൻ ലൂക്കാസ് പെഡോൾസ്കിക്കും ബോ ആ ട്ടെങ്ങിനു പകരം ഹ്വാഡസിനും അവസരം നൽകി. ഇംഗ്ലണ്ടിനെ സമനിലയിൽ തളക്കുകയും, റഷ്യക്കാരെ തോൽപ്പിച്ചുവിടുകയും ചെയ്ത സ്ലോവാക്യയുടെ നിഴൽ മാത്രമാണ് ഇന്ന് ജർമനിക്കു എതിരെ നിലയുറപ്പിച്ചത് മറുവശത്തു ജർമനി ഇന്നു കളി അഴകും ഗതിവേഗവും കെട്ടുറപ്പും ഹൃദ്യമായ മുന്നേറ്റങ്ങളുമായി ലോക ജേതാക്കൾക്ക് ചേരുന്ന ഫുട്ബോൾ കളിയും കാഴ്ച വച്ചു. ക്വാര്‍ട്ടറില്‍ അവർക്കു മുന്നിലുള്ളത് മറ്റൊരു ലോക ക്ലാസിക്ക് മത്സരമായിരിക്കും. കാരണം ഇറ്റലി - സ്‌പെയിൻ മത്സര വിജയികളെ ആണ് അവർക്കു അവിടെ നേരിടേണ്ടത്.