LiveTV

Live

Sports

അവിശ്വസനീയ ജയത്തോടെ ഫെഡറര്‍ വിംബിള്‍ഡണ്‍ സെമിയില്‍

അവിശ്വസനീയ ജയത്തോടെ ഫെഡറര്‍ വിംബിള്‍ഡണ്‍ സെമിയില്‍
Summary
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നാടകീയ ജയവുമായി മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു.

വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നാടകീയ ജയവുമായി മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഏഴു തവണ കിരീടത്തില്‍ മുത്തമിട്ടിട്ടുള്ള ഫെഡററുടെ സെമി പ്രവേശം. ആദ്യ രണ്ടു സെറ്റുകളും നഷ്ടപ്പെടുത്തിയ ശേഷം ഫെഡറര്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. ക്രൊയേഷ്യയുടെ മരിന്‍ സിലിക്കിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. സിലിക്കിന്റെ കരുത്തുറ്റ സെര്‍വുകള്‍ക്കും ഗ്രൌണ്ട് സ്ട്രോക്കുകള്‍ക്കുമാണ് കാണികള്‍ സാക്ഷ്യംവഹിച്ചത്. ഫെഡററെ ഞെട്ടിക്കുന്നതായിരുന്നു ആദ്യ രണ്ടു സെറ്റുകളും. പരിചയസമ്പന്നതയുടെ തന്ത്രങ്ങളൊന്നും വിലപ്പോയില്ല. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ജയവും സിലിക്കിനൊപ്പം നിന്നു. തൊട്ടടുത്ത സെറ്റും ഫെഡറര്‍ കൈവിട്ടതോടെ സിലിക്കിന്റെ അട്ടിമറി ജയമാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ മൂന്നാം സെറ്റ് 3-6 എന്ന സ്‍കോറിന് കീഴടക്കിയ ഫെഡറര്‍ നാലാം സെറ്റ് ടൈബ്രേക്കറിലൂടെയും അഞ്ചാമത്തെ സെറ്റ് 6-3 എന്ന സ്കോറിനും സ്വന്തമാക്കി സെമിയിലേക്ക് ടിക്കറ്റെടുത്തു. സ്‍കോര്‍: 6-7 4-6 6-3 7-6 6-3.