കളി നടക്കുന്നതിനിടെ പുസ്തകവായന: ഇത് ക്യാപ്റ്റന്‍ കൂള്‍ മിതാലി രാജ്

ഐ.സി.സി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ തുടക്കം ഗംഭീരമാക്കിയെങ്കിലും ട്വിറ്ററില്‍ തരംഗമായത് ക്യാപ്റ്റന്‍ മിതാലി രാജിന്റെ പുസ്തക വായന. രണ്ടാമതായി ബാറ്റിങ്ങിന് ഊഴം കാത്തുനില്‍ക്കുന്നതിനിടെയാണ് സൈഡ് ചെയറിലിരുന്നുള്ള മിതാലിയുടെ വായന. ഇന്നിങ്സിന്റെ ഒമ്പതാം ഓവര്‍ പുരോഗമിക്കുന്നതിനിടെയാണ് മിതാലിയുടെ പുസ്തക വായന ടെലിവിഷന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മിതാലിനെ പ്രശംസിച്ചും നര്‍മ്മം കലര്‍ത്തിയുമുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ക്യാപ്റ്റന്‍ കൂള്‍ ഇങ്ങനെയായിരിക്കണം, ബാറ്റിങ് ടിപ്സുകളാണോ വായിക്കുന്നത് തുടങ്ങി നിരവധി ട്വീറ്റുകളാണ് പ്രവഹിച്ചത്.
വായനയിലെ ഉര്ജ്ജമെന്നപോലെ ബാറ്റിങ്ങിലും മിതാലി തിളങ്ങി. മാത്രമല്ല ഒരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. 71 റണ്‍സാണ് മിതാലി മത്സരത്തില്‍ നേടിയത്. 73 പന്തില്‍ നിന്ന് എട്ട് ഫോറുകള്‍ അടങ്ങുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്സ്. അതേസമയം വനിതാ ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് മിതാലി സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിനെതിരെ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 282 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 47.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.