LiveTV

Live

Sports

മെസി ബാഴ്‍സയില്‍ തന്നെ; കരാര്‍ 2021 വരെ നീട്ടി

മെസി ബാഴ്‍സയില്‍ തന്നെ; കരാര്‍ 2021 വരെ നീട്ടി
Summary
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. അടുത്തകാലത്തൊന്നും മെസി തന്റെ പ്രിയപ്പെട്ട ബാഴ്‍സലോണയെ കൈവിടില്ല. ബാഴ്‍സയുമായുള്ള കരാര്‍ പുതുക്കില്ലെന്ന വാര്‍ത്തകള്‍ വീണ്ടും തലപൊക്കുന്നതിനിടെയാണ് മെസി സ്‍പാനിഷ് ക്ലബ്ബുമായുള്ള കരാര്‍ 2021 വരെ നീട്ടിയത്.

മെസി ബാഴ്‍സയില്‍ തന്നെ; കരാര്‍ 2021 വരെ നീട്ടി

ബാഴ്‍സയുമായുള്ള മെസിയുടെ കരാര്‍ 2018 ല്‍ അവസാനിക്കുമെന്നും ഇതോടെ താരം മറ്റു വമ്പന്‍ ക്ലബ്ബുകളിലേക്ക് കളംമാറ്റുമെന്നുമൊക്കെയായിരുന്നു പ്രചരണം. കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ക്ലബ്ബും മെസിയും കൃത്യമായ ഉറപ്പൊന്നും നല്‍കാത്തതും ഊഹക്കച്ചവടക്കാര്‍ക്ക് കൊഴുപ്പേകി. ഒടുവില്‍ അര്‍ജന്റീനന്‍ താരം ബാഴ്‍സയുമായി കരാര്‍ പുതുക്കിയതായി സ്ഥിരീകരണം വന്നു. 83.5 കോടി (70 കോടി യൂറോ) ഡോളറിനാണ് കരാര്‍ പുതുക്കല്‍. കഴിഞ്ഞ കരാര്‍ 30 കോടി യൂറോയ്ക്കായിരുന്നു. എന്നാല്‍ നെയ്മറിനെ പാരിസ് സെന്റ് ജര്‍മന്‍ റാഞ്ചിയതു പോലെ ഇനിയൊരു കൊത്തിപ്പറക്കല്‍ കൂടിയുണ്ടാകാതിരിക്കാനാണ് ബാഴ്‍സ മെസിയുടെ കാര്യത്തില്‍ വില കൂട്ടിയത്. നെയ്മറിന്റെ പാളയം മാറല്‍ ബാഴ്‍സ പ്രസിഡന്റ് ജോസെപ് മരിയയ്ക്കു വലിയ ചീത്തപ്പേരാണുണ്ടാക്കിയത്. ഇതുകൊണ്ട് തന്നെയാണ് മെസിയുടെ കാര്യത്തില്‍ കുറച്ച് വിയര്‍ത്തിട്ടാണെങ്കിലും കരാറില്‍ ഒപ്പുവയ്‍പ്പിക്കാന്‍ ജോസെപ് കിണഞ്ഞുശ്രമിച്ചതും, വിജയിച്ചതും.

30കാരനായ മെസി തന്റെ 13–മത്തെ വയസിലാണ് ബാഴ്സയിലെത്തുന്നത്. ബാഴ്സലോണ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന മെസി 17-മത്തെ വയസിൽ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചു. ഇതിനുശേഷം നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, എട്ടു ലാ ലിഗ കിരീടങ്ങൾ, ആറു കോപ്പ ഡെൽറേ കിരീടങ്ങൾ, മറ്റനേകം ട്രോഫികൾ എന്നിവയുടെ ഭാഗമാകാൻ മെസിക്കായി.