LiveTV

Live

Sports

ചാമ്പ്യന്‍സ് ട്രോഫി; ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തിനായി പൊരിഞ്ഞ പോര്

ചാമ്പ്യന്‍സ് ട്രോഫി; ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തിനായി പൊരിഞ്ഞ പോര്
Summary
ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് നേരത്തെ സെമിയുറപ്പിച്ചിരുന്നു

ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് 2017 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്‍റെ സെമിയിലെത്തിയതോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടം. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമിനെ സെമിയിലെത്താനാവൂ. ഇംഗ്ലണ്ടിന് പുറമെ ന്യൂസിലാന്‍ഡ്, ആസ്ട്രേലിയ, ബംഗ്ലാദേശ് എന്നിവരാണ് മറ്റംഗങ്ങള്‍. ഇതില്‍ ബംഗ്ലദേശിന്‍റെ സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞു. ന്യൂസിലാന്‍ഡും ആസ്ട്രേലിയയും തമ്മിലാണ് പോര്. അതും നേരിട്ടല്ലെന്ന് മാത്രം. ഇരുവരും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ മഴ മൂലം മത്സരം ഉപേക്ഷിച്ചു. 292 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ മൂന്നിന് 53 എന്ന തകര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. അത് ഒരു പക്ഷെ ന്യൂസിലാന്‍ഡിന് ജയിക്കാമായിരുന്ന മത്സരമായിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനെതിരെ സ്വപ്നം കണ്ട അനായാസ ജയം മഴയെടുത്തപ്പോള്‍ വിനയായത് ആസ്ട്രേലിയക്കും. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആസ്ട്രേലിയക്ക് രണ്ടും ബംഗ്ലാദേശിനും ന്യൂസിലാന്‍ഡിനും ഒരോ പോയിന്‍റുമുണ്ട്. ആസ്ട്രലേിയക്ക് സെമിയിലെത്തണമെങ്കില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കണം. രണ്ട് ജയവുമായി ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനെ തോല്‍പിക്കല്‍ സ്മിത്തിനും കൂട്ടര്‍ക്കും പ്രയാസമാവും. ന്യൂസിലാന്‍ഡിനെ സന്തോഷിപ്പിക്കുന്ന കാര്യവും ഇതു തന്നെയാണ്. അവര്‍ക്കിനി നേരിടാനുള്ളത് ദുര്‍ബലരായ ബംഗ്ലാദേശനെയാണ്. അത് ആസ്ട്രേലിയയുടെ ചങ്കിടിപ്പേറ്റുന്നതാണ്. അങ്ങനെ വന്നാല്‍ മൂന്ന് പോയിന്‍റുമായി ന്യൂസിലാന്‍ഡിന് സെമിയില്‍ കയറാം.

ചാമ്പ്യന്‍സ് ട്രോഫി; ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തിനായി പൊരിഞ്ഞ പോര്

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ ജയിച്ചാല്‍ മറ്റു മത്സരങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയില്ല എന്നത് വേറെകാര്യം. നാലു പോയിന്‍റുമായി ഇംഗ്ലണ്ടിനോടൊപ്പം അവരും കയറും. ഇനി മഴമൂലം മത്സരങ്ങള്‍ ഉപേക്ഷിച്ചാലോ, ആസ്ട്രേലിയക്ക് മൂന്നും ന്യൂസിലാന്‍ഡിന് രണ്ട് പോയിന്‍റും ആകും. അതും കംഗാരുപ്പടക്ക് ഗുണമാകും. അതേസമയം ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരം ഉപേക്ഷിക്കുകയും ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെ തോല്‍പിക്കുകയും ചെയ്താല്‍ ഇരു ടീമിനും മൂന്ന് പോയിന്‍റാവും. അങ്ങനെ വന്നാല്‍ റണ്‍റേറ്റ് നിര്‍ണ്ണായകമാകും. ഇനി ബംഗ്ലാദേശ് ന്യൂസിലാഡിനെ അട്ടിമറിച്ചാലോ, കാര്യങ്ങള്‍ വീണ്ടും കുഴങ്ങും. ബംഗ്ലദേശിനും മൂന്നു പോയിന്‍റാവും. അതിനാല്‍ കാത്തിരുന്നു കാണാം ഗ്രൂപ്പ് എയിലെ ആ രണ്ടാം സ്ഥാനക്കാര്‍ ആരാണെന്ന്?