ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനല്‍ ടിക്കറ്റ് കിട്ടാനില്ല; ആരാധകര്‍ നിരാശയില്‍

ഞായറാഴ്ച്ച നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് ഐഎസ്എല്‍ സെമിഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റ് വില്പന അനിശ്ചിതത്വത്തില്‍. ടിക്കറ്റ് വില്‍പ്പന ഇതുവരേയും ആരംഭിക്കാനായില്ല. സാങ്കേതിക പ്രശ്നമാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കാന്‍ വൈകുന്നതിന് പിന്നിലെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
ഞായറാഴ്ച്ചയാണ് കേരള ബ്ലാസ്റ്റേഴ്സും ഡെല്‍ഹി ഡൈനാമോസും തമ്മിലുള്ള ആദ്യപാദ സെമിഫൈനല്‍ മത്സരം കൊച്ചിയില്‍ നടക്കുന്നത്. എന്നാല്‍ മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കവെ ടിക്കറ്റ് വില്‍പ്പന ഇതുവരേയും ആരംഭിക്കാനായിട്ടില്ല. ലീഗ് മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്ക് വഴിയും സ്റ്റേഡിയത്തിന് പുറത്തെ കൌണ്ടര്‍ വഴിയുമാണ് വിറ്റഴിച്ചത്. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ഫെഡറല്‍ ബാങ്കിലൂടെ സെമിഫൈനലിനുള്ള ടിക്കറ്റ് വില്പനയില്ലെന്നാണ് ബാങ്കില്‍ നിന്ന് ലഭിക്കുന്നവിവരം.
മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ക്ലബുകളുടെ ഉത്തരവാദിത്തമാണ്. ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോ യിലൂടെയും ടിക്കറ്റ് വില്പ്പനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പ്രവര്‍ത്തനരഹിതമാണ്. അടുത്തദിവസങ്ങളില്‍ അവധിയിലായതിനാല്‍ തന്നെ ബാങ്കുകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയും ഇനി അസാധ്യമാണ്. ഐഎസ്എല്ലിന് ഏറ്റവും കൂടുതല്‍ കാണികളെത്തുന്നത് കൊച്ചിയിലെ മത്സരങ്ങള്‍ക്കാണ്.
മലബാറിലും വടക്കന്‍ കേരളത്തില്‍ നിന്നും കളികാണാനെത്തുന്ന ആരാധകരെയാണ് ബാങ്കുകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന നിലച്ചത് ഏറെ ബാധിക്കുക. അതേസമയം സാങ്കേതിക പ്രശ്നം കാരണമാണ് ടിക്കറ്റ് വില്‍പ്പന വൈകുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. പ്രശ്നം ശനിയാഴ്ച്ചയോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ബ്ലാസ്റ്റേഴ്സ് പിആര്‍ഓ മീഡിയ വണ്ണിനോട് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍ മത്സരിക്കുന്പോള്‍ ടിക്കറ്റ് വില്പനയിലെ അനശ്ചിതത്വം കാണികളുടെ എണ്ണത്തിലും പ്രതിഫലിക്കുമെന്നാണ് ആശങ്ക.