LiveTV

Live

Sports

ഇ. അഹമ്മദ് ,കളിയെഴുത്തിലും ഒരു കൈ നോക്കിയ ബഹുമുഖ പ്രതിഭ

ഇ. അഹമ്മദ് ,കളിയെഴുത്തിലും ഒരു കൈ നോക്കിയ ബഹുമുഖ പ്രതിഭ
Summary
പിന്നെയാണ് ഞാൻ അറിഞ്ഞത് വടകര റഹ്മാനും ടീ പി ഭാസ്ക്കരക്കുറുപ്പും കളിച്ചിരുന്ന മിക്കവാറും എല്ലാ വോളിബാൾ കളികളും അക്കാലത്തു ചന്ദ്രികയിൽ എഴുതിയിരുന്നത് അദ്ദേഹമായിരുന്നു എന്ന് , ഒളിമ്പ്യൻ റഹ്മാന്‍റെയും  ഭാസി മലാപ്പറമ്പിന്‍റെയും ഉസ്മാൻ കോയയുടെ ചെറുപ്പകാലത്തെയും കളികൾ അന്നത്തെ കളി ആസ്വാദകരുടെ മനസ്സിൽ എത്തിയതും ഇ അഹമ്മദിന്റെ മനോഹരമായ വര്‍ണനകളിലൂടെയായിരുന്നു...

അസംബ്ലിയിലും, പാർലമെന്റിലും ഐക്യ രാഷ്ട്രസഭയിലും മുഴങ്ങിക്കേൾക്കാറുണ്ടായിരുന്ന സംഗീത സാന്ദ്രമായ പ്രസംഗങ്ങൾ, വാർത്താലേഖകൻ എന്ന നിലയിൽ ആരംഭിച്ച ജീവിത്തിന്‍റെ ബാക്കി പത്രമായിന്നു എഴുത്തിന്‍റെ തീവ്രതയും തീഷ്ണതയും, ആരെയും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കീഴടക്കുന്ന സൌമ്യന്‍, നയതന്ത്ര ചാതുര്യം - ഇതൊക്കെയാണ് കർമ്മനിരതനാകുമ്പോൾത്തന്നെ ഇന്നലെ ജീവിതത്തോട് വിടപറഞ്ഞ ഇ അഹമ്മദിനെക്കുറിച്ചു നാം അറിഞ്ഞിരുന്നത്

കണ്ണൂരിന്റെ സംഭാവന ആയിരുന്ന അദ്ദേഹം ശരാശരി കണ്ണൂർകാരനെപ്പോലെ കാൽപന്തുകളിയുടെ ആരാധകൻ എന്നതിലപ്പുറം ഒരുകാലത്തു മലബാറിൽ നടന്നിരുന്ന ചെറുതും വലുതുമായ എത്ര എത്ര കളികൾ കൊച്ചു കൊച്ചു വാക്കുകളിലൂടെ അന്നത്തെ കളി ആസ്വാദകരുടെ മനസ്സിൽ കൊണ്ടെത്തിച്ചിരുന്നു എന്നത് അറിയപ്പെടുന്ന കളി എഴുത്തുകാർക്കുപോലും അറിയാത്ത സത്യമാണ്.

ചന്ദ്രികയിൽ സഹ പത്രാധിപർ ആകുന്നതിനു മുമ്പ് തന്നെ അദ്ദേഹം അറിയപ്പെടുന്ന പന്തുകളി എഴുത്തുകാരനായിരുന്നു , അക്കാലത്തു കണ്ണൂർ കളി എഴുത്തുകാരുടെ ഒരു കേന്ദ്രവും ആയിരുന്നു. പ്രമുഖ മാര്‍ക്സിസ്റ്റ് നേതാവ് കെ പി ആർ ഗോപാലന്റെ സഹോദരൻ കെ പി ആർ കൃഷ്ണനും പിൽക്കാലത്ത് ലീഗുനേതാവും മന്ത്രിയും ആയിരുന്ന കോഴിക്കോട്ടെ പി എം അബൂബക്കറും അന്നത്തെ യുവ കളി എഴുത്തുകാരനായി പിൽക്കാലത്ത് മികച്ച നയതന്ത്രജ്ഞനായിത്തീർന്ന ഇ അഹമ്മദിന്റെ സഹപ്രവർത്തകർ ആയിരുന്ന വിവരം അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളിൽ ഓർത്തെടുക്കാറുണ്ടായിരുന്നു.

എണ്‍പതുകളുടെ തുടക്കത്തിൽ ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അത്‍ലറ്റിക്സ് പരിശീലകനായി നിയമിതനായപ്പോൾ വിഖ്യാത ക്രിക്കറ്ററും പരിശീലകനും ആയിരുന്ന ബാബു ആചാരത്ത് എന്‍റെ സീനിയർ സഹ പ്രവർത്തകനായിരുന്നു, അദ്ദേഹത്തിന്റെ ശ്രീമതി ഇ അഹമ്മദിന്റെ അനിയത്തിയും അന്ന് "ഇ, രണ്ടു" ക്വാർട്ടേസിൽ ആയിരിന്നു അവർ താമസിച്ചിരുന്നത് തൊട്ടടുത്തു ഞാനും പ്രഗത്ഭ വോളിബാൾ കൊച്ചു വടകര അബ്‌ദുറഹിമാനും, കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും ഈ പ്രമുഖ രാഷ്ട്രീയ നേതാവ് അനിയത്തിയെക്കാണുവാൻ "ഇ, രണ്ടു" ക്വാർട്ടേസിൽ ഇറങ്ങുമായിരുന്നു അതോടെ അവിടം സ്പോർട്സ് ചർച്ച കേന്ദ്രവുമാകും ആദ്യം ബാബു സാർ പരിചയപ്പെടുത്തിയത് തന്നെ കളി എഴുത്തുകാരനാണ് ഞാൻ എന്നായിരുന്നു അക്കാലത്തു ഞാൻ ചന്ദ്രികയിൽ മിൽഖാ പറഞ്ഞ കഥ എന്നൊരു പരമ്പര എഴുതിക്കൊണ്ടിരിക്കുകയായിരുന്നു,

പരിചയപ്പെട്ട നിമിഷംതന്നെ അദ്ദേഹം എന്നെ അതിശയിപ്പിച്ചു അക്കാലത്തെ സർവ ദേശീയ ഫുട്ബോൾ കളിക്കാരുടെ ജീവിത കഥകളും അവരുടെ അപൂർവ ഗോൾ അടി മികവുകളും വർണ്ണിച്ചു, പിന്നെയാണ് ഞാൻ അറിഞ്ഞത് വടകര റഹ്മാനും ടീ പി ഭാസ്ക്കരക്കുറുപ്പും കളിച്ചരുന്ന മിക്കവാറും എല്ലാ വോളിബാൾ കളികളും അക്കാലത്തു ചന്ദ്രികയിൽ എഴുതിയിരുന്നത് അദ്ദേഹമായിരുന്നു എന്ന്, ഒളിമ്പ്യൻ റഹ്മാന്‍റെയും ഭാസി മലാപ്പറാമ്പിന്‍റെയും ഉസ്മാൻ കോയയുടെ ചെറുപ്പകാലത്തെയും കളികൾ അന്നത്തെ കളി ആസ്വാദകരുടെ മനസ്സിൽ എത്തിയതും ഇ അഹമ്മദിന്റെ മനോഹരമായ വര്‍ണനകളിലൂടെയായിരുന്നു. പിന്നീട് കളി എഴുത്തിന്‍റെ സൗന്ദര്യശാസ്ത്രം എന്ന പ്രബന്ധം തയാറാക്കിയപ്പോഴും ഒരല്പ നേരം അദ്ദേഹവുമായി സംസാരിക്കുവാൻ എനിക്ക് കഴിഞ്ഞു.

മുഹമ്മദ് കോയ നടക്കാവ് ചന്ദ്രികയുടെ സ്പോർട്സ് ലേഖകൻ ആയിരുന്നപ്പോൾ പിന്നീട് കളി എഴുത്തിനോട് വിട പറഞ്ഞ അഹമ്മദ് സാറിന്റെ ചില ലേഖനങ്ങൾ ഞങ്ങൾ തപ്പിയെടുത്തിരുന്നു, അതൊക്കെ ഇന്നും അവരുടെ ആർക്കെവ്സിൽ ഉണ്ടായിരിക്കണം, പുതിയ തലമുറക്കായി അതൊക്കെ പങ്കുവയ്ക്കുവാൻ ഇപ്പോഴത്തെ സംവിധാനം ശ്രമിക്കുകയാണെങ്കിൽ അത് ഈ വിഷയത്തെക്കുറിച്ചു അറിയുവാൻ ആഗ്രഹമുള്ളവർക്കും കളികളെക്കുറിച്ചും കളി എഴുത്തിനെകുറിച്ചു ഗവേഷണം ചെയ്യുന്നവർക്കും ഒരു അനുഗ്രഹമായിരിക്കും. അറിയപ്പെടാത്ത ആ കളി ഏഴുത്തുകാരനെ നന്ദിയോടെ, ആദരവോടെ ഞാൻ സ്മരിക്കുന്നു.