Top

മുസ്‌ലിമായി ജനനം, പത്തൊമ്പതാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്... ആരാണീ ശ്രീ എം?

മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഇടനിലക്കാരൻ ശ്രീ എം ആയിരുന്നു എന്ന് ദ ആർഎസ്എസ് ആന്റ് ദ മേക്കിങ് ഓഫ് ദ ഡീപ് നാഷൻ എന്ന പുസ്തകം വെളിപ്പെടുത്തിയിരുന്നു

MediaOne Logo

  • Updated:

    2021-02-28 05:24:41.0

Published:

28 Feb 2021 5:24 AM GMT

മുസ്‌ലിമായി ജനനം, പത്തൊമ്പതാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്... ആരാണീ ശ്രീ എം?
X

വലതുപക്ഷ സംഘടനകളോട് ചേർന്നു നിൽക്കുന്ന ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് തിരുവനന്തപുരത്ത് യോഗ സെന്റർ സ്ഥാപിക്കാൻ ഭൂമി നൽകിയ പിണറായി വിജയൻ സർക്കാർ നടപടി വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിൽ നാലേക്കർ ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്. പത്തു വർഷത്തെ പാട്ടത്തിനാണ് ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ഭൂമി കൈമാറുന്നത്.

സംഭവത്തിൽ ശ്രീ എം എന്ന പേരാണ് ചർച്ചയായത്. മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഇടനിലക്കാരൻ ശ്രീ എം ആയിരുന്നു എന്ന് ഇകണോമിക് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച ദ ആർഎസ്എസ് ആന്റ് ദ മേക്കിങ് ഓഫ് ദ ഡീപ് നാഷൻ എന്ന പുസ്തകം വെളിപ്പെടുത്തിയിരുന്നു. ഇതോടെ വിവാദങ്ങൾക്ക് ചൂടുപിടിക്കുകയും ചെയ്തു.

യഥാർത്ഥത്തിൽ ആരാണ് ശ്രീ എം?

ആത്മീയ വഴികാട്ടി, സാമൂഹികപരിഷ്‌കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നാണ് ശ്രീ എമ്മിനെ സത്സംഗ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് പരിചയപ്പെടുത്തുന്നത്. 1949 നവംബർ ആറിന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. പേര് മുംതാസ് അലി ഖാൻ. വിവാഹിതൻ. രണ്ടു മക്കളുണ്ട്.

19-ാം വയസ്സിൽ വീടുപേക്ഷിച്ചു

തന്റെ ആദ്യത്തെ 'ആത്മീയ അനുഭവത്തെ കുറിച്ച് ഒരു സ്വകാര്യചാനൽ പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ ശ്രീ എം പറയുന്നത് ഇങ്ങനെ;

' ഒമ്പതാം വയസ്സിൽ വീട്ടിൽ വൈകുന്നേരം കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വ്യക്തിയെ കണ്ടു. ജടയുള്ള സന്യാസി. അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ അടുത്തു ചെന്നു. തലയിൽ കൈവച്ച് ഹിന്ദിയിൽ പറഞ്ഞു. (വീട്ടിൽ ഉർദു ആയിരുന്നു സംസാരിച്ചിരുന്നത്) കുച്ച് യാദ് ആയാ(എന്തെങ്കിലും ഓർമ വരുന്നുണ്ടോ?)എന്നു ചോദിച്ചു. ഇല്ല എന്നു പറഞ്ഞു. സമയ് ഹോനെ പർ സബ് ഠീക് ഹോ ജായേകാ (സമയമാകുമ്പോൾ എല്ലാം ശരിയാകും) എന്ന് തിരിച്ചു പറഞ്ഞു. ഞാൻ തിരിച്ചു നടന്ന് അടുക്കളയിലേക്ക് പോകുന്ന വേളയിൽ തിരിഞ്ഞു നോക്കാൻ ശ്രമിച്ചു. സാധിച്ചില്ല. പിന്നെ എന്നും ഹിമാലയം സ്വപ്‌നം കാണും.'

പത്തൊമ്പതാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലെത്തി. ഹിമാലയത്തിൽ വച്ച് ഒമ്പതാം വയസ്സിൽ കണ്ട ഗുരുവിനെ കണ്ടതായി അദ്ദേഹം അവകാശപ്പെടുന്നു. രണ്ടര വർഷം ഗുരുവിന്റെ കൂടെ താമസിച്ചെന്നും അദ്ദേഹം പറയുന്നു.

മഹേശ്വർനാഥ് ബാബാജി

മഹേശ്വർനാഥ് ബാബാജിയാണ് തന്റെ ഗുരു എന്ന് ശ്രീ എം പറയുന്നു. ബദ്രീനാഥിൽ വച്ചാണ് ഇദ്ദേഹം ഗുരുവിനെ കണ്ടെത്തിയത്. രണ്ടര വർഷം ഗുരുവിനൊപ്പം താമസിച്ചു. നാഥ് സമ്പ്രദായത്തിലെ ഗുരുവായിരുന്നു മഹേശ്വർനാഥ്. ഒരു സമ്പ്രദായത്തിൽ മാത്രമല്ല, അതിലും വികസിച്ച ഗുരുവായിരുന്നു അദ്ദേഹം എന്ന് ശ്രീ എം പറയുന്നു. വാഹനത്തിൽ കയറാത്ത, എവിടേക്കായാലും നടന്നു പോകുന്ന, ആശ്രമമില്ലാത്ത, സംഘടനയില്ലാത്ത ഗുരുവായിരുന്നു അദ്ദേഹമെന്ന് എം പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

സത്സംഗ് ഫൗണ്ടേഷൻ

ആന്ധ്രയിലെ മദനപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്സംഗ് ഫൗണ്ടേഷൻ ഇദ്ദേഹത്തിന് കീഴിലുള്ള പ്രധാന സ്ഥാപനമാണ്. സത്സംഗ് വിദ്യാലയ, ചന്ദ്ര സത്സംഗ് വിദ്യാലയ, ദ പീപ്പൽ ഗ്രോവ് സ്‌കൂൾ എന്നിങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫൗണ്ടേഷന് കീഴിൽ നടക്കുന്നുണ്ട്. ആരോഗ്യം, പരിസ്ഥിതി, യോഗ എന്നിവിയിലും ഫൗണ്ടേഷൻ ശ്രദ്ധിക്കുന്നു.

2015-16ൽ കന്യാകുമാരി മുതൽ കശ്മീർ വരെ 18 മാസം നീണ്ട പദയാത്ര നടത്തിയും എം ശ്രദ്ധ നേടി. 11 സംസ്ഥാനങ്ങളിലൂടെ 7500 കിലോമീറ്ററാണ് സംഘം നടന്നത്. രാജ്യത്ത് സമാധാനവും സഹിഷ്ണുതയും ശാന്തിയും നിലനിർത്തുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.

എം എന്ന അക്ഷരത്തിന്റെ പിന്നിൽ

ഇതേക്കുറിച്ച് അദ്ദേഹം ഒരഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ; എന്റെ പേര് (മുംതാസ് അലി ഖാൻ) തുടങ്ങുന്നതിന്റെ ആദ്യ അക്ഷരം. ഗുരു എന്നെ മധുകർനാഥ് എന്നു വിളിച്ചു. മനുഷ്യനിലെ ആദ്യ അക്ഷരവും എം ആണ്. ആളുകൾ മിസ്റ്റർ എം എന്നും പിന്നെ ശ്രീ എം എന്നും വിളിക്കാൻ തുടങ്ങി.

ആര്‍എസ്എസ്

2019 ജനുവരിയില്‍ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് ശ്രീ എം തുറന്നു പറഞ്ഞത്. അതിങ്ങനെ;

'ആര്‍എസ്എസുമായി ഞാന്‍ അടുത്തു സഞ്ചരിച്ചിട്ടുണ്ട്. അന്തരിച്ച സുഹൃത്ത് കെആര്‍ മല്‍കാനി വഴി നാനാജി ദേശ്മുഖുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. മന്‍തന്‍ മാഗസിന്റെ (ആര്‍എസ്എസ് ജേര്‍ണല്‍) ജോയിന്റ് എഡിറ്ററായിരുന്നു അദ്ദേഹം. ദേവേന്ദ്ര സ്വരൂപ് ജിയായിരുന്നു എഡിറ്റര്‍. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ഒരു വിവേചനവുമില്ലാത്ത ഗോണ്ട ഗ്രാമത്തില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ ഗ്രാമത്തിന്റെ സമ്പൂര്‍ണ വികസനത്തിനായി ഇടത്തരം സഹകരണകൃഷിയൊക്കെ ചെയ്തിരുന്നു. അതിന് മുമ്പ്, ചെന്നൈയില്‍ ഞാന്‍ ഓര്‍ഗനൈസറിന്റെ കറസ്‌പോണ്ടന്റായിരുന്നു. 'ഒരു ഹിന്ദുവായതില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്ന തലക്കെട്ടില്‍ അന്ന് ഞാന്‍ ഓര്‍ഗനൈസറില്‍ ലേഖനമെഴുതിയിരുന്നു'

ജനസംഘം നേതാവും ഓര്‍ഗനൈസര്‍, പാഞ്ചജന്യം ചീഫ് എഡിറ്ററുമായിരുന്നു കെആര്‍ മല്‍കാനി. ജനസംഘ്-ആര്‍എസ്എസ് നേതാവായിരുന്നു നാനാജി ദേശ്മുഖ്. ആര്‍എസ്എസിന്റെ സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നേതാവാണ് ദേവേന്ദ്ര സ്വരൂപ്.

ആത്മകഥ

ഗുരുസമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ എന്ന പുസ്‌കതമാണ് ശ്രീ എമ്മിന്റെ ആത്മകഥ. വീടുവിട്ടതിനെ കുറിച്ചും ഹിമാലയത്തിൽ ഗുരുവിനെ കണ്ടതും അവിടത്തെ ആത്മീയാന്വേഷണത്തെ കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിശയോക്തി നിറഞ്ഞ പുസ്തകത്തിനെതിരെ വിമർശനവും ശക്തമാണ്. 2011ലാണ് ആത്മകഥ പുറത്തുവന്നത്. 2019ൽ പത്ഭൂഷൺ പുരസ്‌കാരം ലഭിച്ചു.

നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ശ്രീ എം പറയുന്നത് ഇങ്ങനെ. 'ആരെയും നമുക്ക് ഒഴിവാക്കാകില്ല. എന്റെ ആത്മകഥയുടെ ഗുജറാത്തി പരിഭാഷ പ്രകാശനം ചെയ്യാമെന്ന് നരേന്ദ്രമോദി ഏറ്റിരുന്നു. എന്നാൽ അദ്ദേഹം വന്നില്ല. മോദി പിന്നെ വിളിച്ചു കൂടിക്കാഴ്ച നടത്തി'. എമ്മുമായി നടത്തിയ കൂടിക്കാഴ്ച മോദി ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

TAGS :

Next Story