ഇനി ഇരുപത്തിനാല് മണിക്കൂറും ബാങ്കിങ്: സാറി പ്ലാറ്റ്ഫോം നടപ്പിലാക്കി സൗദി
മൊബൈൽ ബാങ്കിങ് വഴിയടക്കമുള്ള ഇടപാടുകൾ ഇനി അതിവേഗത്തിൽ ലഭ്യമാകും

സൗദിയിൽ ഇരുപത്തി നാല് മണിക്കൂറും ബാങ്കുകൾക്കിടയിൽ പണമിടപാട് സാധ്യമാക്കുന്ന സാറി പ്ലാറ്റ്ഫോം പ്രാബല്യത്തിൽ വന്നു. ഇനി മുതൽ പണമയക്കുന്ന അതേ നിമിഷം തന്നെ സ്വീകർത്താവിന് അക്കൗണ്ടിൽ പണമെത്തും. ഇരുപതിനായിരം രൂപ വരെ ഇത്തരത്തിൽ അയക്കാൻ ഒരു റിയാൽ മാത്രമാണ് പ്രത്യേക ഫീസ്.
സൗദിയിൽ നിലവിലെ രീതിയനുസരിച്ച് ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് പണമയച്ചാൽ 24 മണിക്കൂറിനകമാണ് ട്രാൻസാക്ഷൻ സാധ്യമായിരുന്നത്. ഇതാണിന്ന് മുതൽ മാറിയത്. ഇന്നു മുതൽ പണമയക്കുന്ന ആ സമയത്ത് തന്നെ സ്വീകരിക്കുന്നയാൾക്ക് പണം ലഭിക്കും. ഇതിനായി സൗദി അറേബ്യൻ റിയാൽ ഇന്റർബാങ്ക് എക്സ്പ്രസ് അഥവാ സാറി എന്ന പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്.
മൊബൈൽ ബാങ്കിങ് വഴിയടക്കമുള്ള ഇടപാടുകൾ ഇനി അതിവേഗത്തിൽ ലഭ്യമാകും. സൗദിയിലെ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് എതു സമയത്തും പണമയക്കാൻ ചിലവ് ഒരു റിയാൽ മാത്രം മതി. 20,000 റിയാൽ വരെയുള്ള ഇടപാടുകൾ ബാങ്കില്ലാത്ത സമയത്തും ഓൺലൈൻ വഴി ചെയ്യാം.
ഐബാൻ നമ്പറിന് പകരം ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മതി. 2500 റിയാൽ വരെയുള്ള ഇടപാടിന് ബെനഫിഷ്യറി ആവശ്യമില്ല. നിലവിൽ ഇതു ചോദിക്കുന്നുണ്ടെങ്കിലും പുതിയ രീതി ഉടൻ പ്രാബല്യത്തിലാകും.
പണം സ്വീകരിക്കുന്നയാളുടെ അക്കൗണ്ട് വെരിഫൈ ചെയ്യാനും സംവിധാനമുണ്ട്. അതായത് സ്വീകരിക്കുന്നയാളുടെ അക്കൗണ്ട് നമ്പർ ഉറപ്പുവരുത്തി ഇനി പണയമയക്കാമെന്ന് ചുരുക്കം. രാജ്യത്ത് ഡിജിറ്റൽ സംവിധാനം അതിവേഗം മാറുന്നതിന്റെ ഭാഗമായാണ് പുതിയ ഉദ്യമം.