ചിലയിടങ്ങളില് കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് സൗദി
ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 44,000 ത്തിലധികം നിയമ ലംഘനങ്ങളാണ് ഒരാഴ്ചക്കിടെ കണ്ടെത്തിയത്

സൗദിയിൽ ഇപ്പോഴും കോവിഡ് കേസുകളിൽ വർധന തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വേഗത്തിൽ വാക്സിൻ സ്വീകരിക്കലാണ് ഈ അപകടാവസ്ഥ മറികടക്കുന്നതിനുള്ള മാർഗ്ഗമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഒടുവിലായി 315 പുതിയ കേസുകളും, മൂന്നൂറ്റി നാൽപ്പത്തി ഒമ്പത് രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇപ്പോഴും പ്രതിദിന കോവിഡ് കേസുകൾ വർധിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി വ്യക്തമാക്കി. ഇപ്പോഴും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ സ്ഥിരത കൈവരിക്കാനായിട്ടില്ല.
സൗദിയുടെ ചില ഭാഗങ്ങളിൽ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഇത് പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണം. വാക്സിൻ സ്വീകരിക്കലാണ് ഈ സാഹചര്യത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിരവധി വാക്സിൻ വിതരണ കേന്ദ്രങ്ങളാണ് അനുദിനം രാജ്യത്ത് പുതിയതായി പ്രവർത്തന സജ്ജമാകുന്നത്. ഇത് വഴി കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ വാക്സിൻ വിതരണം ചെയ്യാനാകുന്നുണ്ട്. സൗദിയിൽ വിതരണത്തിലുള്ള എല്ലാ വാക്സിനുകളും സുരക്ഷിതമാണെന്നും എല്ലാ പ്രദേശങ്ങളിലും വാക്സിൻ ലഭ്യാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 44,000 ത്തിലധികം നിയമ ലംഘനങ്ങളാണ് ഒരാഴ്ചക്കിടെ കണ്ടെത്തിയത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ 'തവക്കൽനാ' ആപ്ലിക്കേഷൻ 17 മില്യണിലധികം പേർ ഉപയോഗിച്ച് വരുന്നുണ്ട്.
ആരാധനക്കെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, ഇന്ന് മൂന്ന് പള്ളികൾ കൂടി താൽക്കാലികമായി അടച്ചു. ഇത് വരെ 108 പള്ളികൾ അടക്കുകയും, 98 പള്ളികൾ അണുനശീകരണത്തിന് ശേഷം തുറന്ന് കൊടുക്കുകയും ചെയ്തു.
ഇത് വരെ 3,75,006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും, അതിൽ 3,66,094 പേർക്കും ഭേദമായതായും, 6,461 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.