സൗദിയില്‍ സർക്കാർ കരാറുകൾ ഇനി പ്രാദേശിക ഓഫീസുള്ള കമ്പനികള്‍ക്ക് മാത്രം
സാമ്പത്തിക- സാമൂഹിക പരിഷ്കാരങ്ങളുമായി ഉദാരവല്‍ക്കരണത്തിന്റെ പാതയിലുള്ള സൗദിയിൽ കൂടുതൽ കമ്പനികൾ നേരിട്ടെത്തുമെന്നാണ് പ്രതീക്ഷ.
സൗദിയിൽ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കമ്പനികൾക്ക് സർക്കാർ പദ്ധതികളിൽ നൽകുന്ന കരാറുകൾ നിർത്തലാക്കാൻ തീരുമാനിച്ചതോടെ ഗൾഫിൽ മത്സരം മുറുകും. സാമ്പത്തിക- സാമൂഹിക പരിഷ്കാരങ്ങളുമായി ഉദാരവല്‍ക്കരണത്തിന്റെ പാതയിലുള്ള സൗദിയിൽ കൂടുതൽ കമ്പനികൾ നേരിട്ടെത്തുമെന്നാണ് പ്രതീക്ഷ. 2024 ജനുവരി മുതൽ സൗദിയിൽ പ്രാദേശിക ഓഫീസുകളുള്ള കമ്പനികൾക്ക് മാത്രമേ സർക്കാർ കരാറുകൾ ഏറ്റെടുക്കാനാകൂ.
ഗൾഫിലെ ഏറ്റവും വലിയ കമ്പോളമാണ് എണ്ണ സമ്പന്നമായ സൗദി അറേബ്യ. സാമ്പത്തിക- സാമൂഹിക പരിഷ്കാരങ്ങളുമായി ഉദാരവല്‍ക്കരണത്തിന്റെ പാതയിലാണ് രാജ്യം. വിദേശ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക നികുതി ഇളവ് ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ സൗദിയുടെ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് വിഭാഗമായ ഇന്‍വെസ്റ്റ് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗൂഗ്ള്‍ ക്ലൗഡ്, ആലിബാബ, വെസ്റ്റേണ്‍ യൂനിയന്‍ തുടങ്ങിയ ആഗോള കമ്പനികള്‍ അടുത്തിടെയായി സൗദിയില്‍ നിക്ഷേപമിറക്കുകയും ചെയ്തു. കൂടാതെ പെപ്സികോ, ടിം ഹോര്ട്ടന് തുടങ്ങിയ 24 വന്‍ കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നതിന് അധികൃതരുമായി കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പുതിയ നിയമം പ്രഖ്യാപിച്ചത്.
2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്നതാണ് നിയമം. ഇതു പ്രകാരം സര്‍ക്കാര്‍ ഫണ്ടുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കരാറുകളും സൗദിയിൽ റീജണൽ ഓഫീസുകളുള്ളവർക്കേ അനുവദിക്കൂ. റീജണൽ ഓഫീസ് എന്നതിന്റെ വിവക്ഷ നിലവിൽ ലഭ്യമായിട്ടില്ല. വിദേശ കമ്പനികളുടെ മേഖലാ ഓഫീസ് റിയാദിലേക്ക് മാറ്റണമെന്ന ആവശ്യത്തിലൂടെ സൗദി പ്രധാനമായും ലക്ഷ്യമിടുന്നത് അഞ്ചു കാര്യങ്ങളാണെന്ന് സൗദി നിക്ഷേപക മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറയുന്നു. അവയിലൊന്ന് ആയിരക്കണക്കിന് സൗദികള്‍ക്ക് വിദേശ കമ്പനികള്‍ ജോലി വാങ്ങിക്കൊടുക്കാന്‍ സാധിക്കുമെന്നതാണ്. അതോടൊപ്പം വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ സേവനം സൗദിയില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് സൗദി ജീവനക്കാര്‍ക്ക് കൂടുതല്‍ അറിയാനും മനസ്സിലാക്കാനും ഇതിലൂടെ അവസരമൊരുങ്ങും. രാജ്യത്തെ നിര്‍മാണ - സേവന മേഖലകള്‍ പുരോഗമിക്കുന്നതോടൊപ്പം വലിയ നിക്ഷേപ സാധ്യത ഇതിലൂടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.