സൗദിയില് വാക്സിന് വിതരണം പുനരാരംഭിച്ചു
കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഒരാഴ്ചക്കിടെ 47,334 കേസുകളാണ് രജിസ്റ്റർ ചെയ്തത്

രാജ്യത്തെ ജനങ്ങൾ കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാൽ കർഫ്യൂ നടപ്പാക്കേണ്ടി വരില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൂടുതൽ കോറോണ വാക്സിനുകളെത്തിയതായും, വിതരണം ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഒരാഴ്ചക്കിടെ അര ലക്ഷത്തോളം പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
കൊറോണ വാക്സിൻ നിർമ്മാണ കമ്പനിയിൽ നിന്ന് വിതരണത്തിൽ കാലതാമസം നേരിട്ടതിനാൽ മന്ദഗതിയിലായിരുന്ന വാക്സിനേഷൻ പദ്ധതി വീണ്ടും സജീവമായി തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം രണ്ടായിരത്തി അഞ്ഞൂറോളം ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതോടെ ഇത് വരെ 4,46,940 ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവർ വേഗത്തിൽ അപ്പോയിന്റ്മെന്റെടുക്കണമന്നെും അധികൃതർ ഓർമ്മിപ്പിച്ചു.
കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഒരാഴ്ചക്കിടെ 47,334 കേസുകളാണ് രജിസ്റ്റർ ചെയ്തത്. റിയാദിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ പുതിയ നിയമ ലംഘനങ്ങളിൽ 50 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കൃത്യമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സമുഹം തയ്യാറായാൽ കർഫ്യൂ ഏർപ്പെടുത്തേണ്ടി വരില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ വഴിയും അല്ലാതെയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജവാസാത്ത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും, അബ്ഷർ പോലുള്ള ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മൂന്ന് മേഖലകളിലായി അഞ്ച് പള്ളികൾ കൂടി ഇന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അടച്ച് പൂട്ടി. ഇതോടെ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ അടച്ച പള്ളികളുടെ എണ്ണം 62 ആയി. അണുനശീകരണത്തിന് ശേഷം ഇതിൽ 52 പള്ളികൾ വിശ്വാസികൾക്ക് തുറന്നു കൊടുത്തിട്ടുണ്ട്.