സൗദിയിലെ ഹവാല ബിനാമി ഇടപാട്; 12 പ്രതികൾക്ക് 60 വർഷം തടവ്
സൗദി പബ്ലിക് പ്രോസിക്യൂഷനാണ് സംഘത്തിന് കോടതി ശിക്ഷ വിധിച്ചതായി അറിയിച്ചത്

സൗദിയിൽ ഹവാല ബിനാമി കേസുകളിൽ എട്ടു പ്രവാസികളടക്കം 12 പേർക്ക് 60 വർഷം തടവു ശിക്ഷ. ജയിൽവാസം കഴിഞ്ഞ ശേഷം പ്രതികളെ നാടുകടത്തും. വിദേശത്തേക്ക് അയച്ച അറുപത് കോടി റിയാൽ വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടു.
സൗദി പബ്ലിക് പ്രോസിക്യൂഷനാണ് സംഘത്തിന് കോടതി ശിക്ഷ വിധിച്ചതായി അറിയിച്ചത്. 60 കോടിയോളം റിയാൽ അനധികൃത മാർഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ചെന്നാണ് കേസ്. സൗദി വനിതയുടേയും സഹോദരന്റേയും രണ്ട് സുഹൃത്തുക്കളുടേയും പേരിൽ ബിനാമി സ്ഥാപനം തുടങ്ങിയായിരുന്നു തുടക്കം.
വ്യാജ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുകയും ഈ സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ഹവാല ഇടപാടുകൾ നടത്തുകയുമായിരുന്നു. ശിക്ഷക്കൊപ്പം 80 ലക്ഷം റിയാൽ പിഴ പ്രതികൾ കെട്ടിവെക്കണം. പിഴ, ജയിൽ ശിക്ഷക്ക് പുറമെ ഹവാല ഇടപാടുകൾക്ക് പ്രതികൾ ഉപയോഗിച്ച അക്കൗണ്ടുകളിൽ കണ്ടെത്തിയ പണവും പ്രതികളുടെ വീടുകളിൽ കണ്ടെത്തിയ 24 ലക്ഷത്തിലേറെ റിയാലും കണ്ടുകെട്ടും.