LiveTV

Live

Saudi Arabia

സൗദിയിൽ വാക്‌സിനേഷൻ പുരോഗമിക്കുന്നു; ഇതുവരെ വിതരണം ചെയ്തത് നാല് ലക്ഷത്തോളം ഡോസ്

സെപ്തംബർ മാസത്തോടെ രാജ്യം സാമൂഹിക പ്രതിരോധശേഷി കൈവരിക്കും

സൗദിയിൽ വാക്‌സിനേഷൻ പുരോഗമിക്കുന്നു; ഇതുവരെ വിതരണം ചെയ്തത് നാല് ലക്ഷത്തോളം ഡോസ്

സൗദിയിൽ ഇതുവരെ നാല് ലക്ഷത്തോളം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ കമ്പനികളുടെ വാക്‌സിൻ സൗദിയിൽ എത്തിതുടങ്ങുന്നതോടെ വാക്‌സിനേഷൻ പദ്ധതി വേഗത്തിലാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം സെപ്തംബറോടെ സൗദി അറേബ്യ കോവിഡിനെതിരെ സാമൂഹിക പ്രതിരോധശേഷി കൈവരിച്ചേക്കുമെന്ന് പൊതുജനാരോഗ്യ അണ്ടർ സെക്രട്ടറി ഡോ. ഹാനി ജുഖ്ദാർ പറഞ്ഞു. അതിനു ശേഷമായിരിക്കും ആരോഗ്യ മുൻകരുതൽ നടപടികളിൽ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കുക. കൂടുതൽ പേർ വാക്‌സിൻ സ്വീകരിക്കുന്നതോടെ മാത്രമേ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാകൂ.

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇത് വരെ 3,91,643 ഡോസ് വാക്‌സിനുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. ആഴ്ച തോറം ഒരു ലക്ഷം ഡോസ് വാക്‌സിൻ സൗദിയിലെത്തിക്കുവാനാണ് ഫൈസർ കമ്പനിയുമായുള്ള ധാരണ. കൂടാതെ ആസ്ട്ര സെനക്ക, മോഡേണ തുടങ്ങിയ കമ്പനികൾക്കും വാക്‌സിൻ ഇറക്കുമതി ചെയ്യാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. ഇതുകൂടി രാജ്യത്ത് എത്തുന്നതോടെ, കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ വിതരണം ചെയ്യാനാകും.

വാക്‌സിൻ ലഭ്യമായതോടെ ചിലയാളുകൾ മുൻകരുതൽ പാലിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നതായും ഇത് പ്രയാസങ്ങളുണ്ടാക്കുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.