LiveTV

Live

Saudi Arabia

അഞ്ചു വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ; സൗദിയിൽ കർമ പദ്ധതി പ്രഖ്യാപിച്ചു

നാല് ലക്ഷം കോടി റിയാലിന്‍റെ നിക്ഷേപ പദ്ധതികളും ഇതിന്‍റെ ഭാഗമാണ്

അഞ്ചു വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ; സൗദിയിൽ കർമ പദ്ധതി പ്രഖ്യാപിച്ചു

സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ പതിനെട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കർമ പദ്ധതി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. നാല് ലക്ഷം കോടി റിയാലിന്റെ നിക്ഷേപ പദ്ധതികളും ഇതിന്റെ ഭാഗമാണ്. ജീവിത നിലവാരം ഉയർത്തി സൗദിയെ അടിമുടി മാറ്റുന്ന പദ്ധതികൾക്ക് വരുന്ന ആഴ്ചകളിൽ തുടക്കമാകും.

സൗദി കിരീടാവകാശിയുടെ പ്രഖ്യാപനത്തിന്റെ ചുരുക്കം

വികസനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സൗദി പൊതു നിക്ഷേപ നിധിയുടെ ശേഷി നാല് ലക്ഷം റിയാലായി ഉയർത്തും. രാജ്യത്തെ സ്വകാര്യ മേഖലയെ സജീവമാക്കാൻ ഏറ്റവും ചുരുങ്ങിയത് ഓരോ വർഷവും 150 ബില്യൺ റിയാൽ സൗദിയിലെ സ്വകാര്യ മേഖലയിലേക്ക് ഒഴുക്കും. ഇതുവഴി നേരിട്ടും അല്ലാതെയും 18 ലക്ഷം ജോലികൾ സൃഷ്ടിക്കും. ജി.ഡി.പിയിലേക്ക് എണ്ണേതര വരുമാനം 1.2 ലക്ഷം കോടിയാക്കി ഉയർത്തും. ഇതാണ് കിരീടാവകാശിയുടെ പ്രഖ്യാപനം.

മാറ്റങ്ങള്‍ 13 മേഖലകളില്‍

1. വ്യോമയാന പ്രതിരോധ മേഖല- ഇതിൽ സൗദിയിൽ തന്നെ പ്രതിരോധ മേഖലയിലേക്കുള്ള വസ്തുക്കളുടെ നിർമാണം, അറ്റകുറ്റപ്പണി, അനുബന്ധ സേവനങ്ങൾ എന്നിവ ലഭ്യമാക്കും.

2. വാഹന നിർമാണ മേഖലയെ ശക്തിപ്പെടുത്തും. ഇറക്കു മതി കുറച്ച് സൗദിയിൽ തന്നെ വാഹനങ്ങളുടെ നിർമാണം.

3. ചരക്ക് നീക്കത്തിൽ ആഗോള കേന്ദ്രങ്ങളിലൊന്നാക്കി സൗദിയെ മാറ്റും. ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളുയർത്തും.

4. ഹലാൽ ഭക്ഷ്യ വിതരണ മേഖലയുടെ ആഗോള ഹബ്ബാക്കി സൗദിയെ മാറ്റും. ഇതിനായി കാർഷിക മേഖലയെ ശക്തിപ്പെടുത്തും.

5. റിയൽ എസ്റ്റേറ്റ് മേഖലയുടെ ശാക്തീകരണം. ഇതിനായി ഈ മേഖലയിൽ വേണ്ട പിന്തുണകൾക്ക് പ്രത്യേകം പദ്ധതിയുണ്ടാകും.

6. ടൂറിസം, വിനോദം, കായിക മേഖലയിലെ പദ്ധതികൾ. ഈ മേഖലയിലാകും സൗദിയിൽ ഏറ്റവും വലിയ കുതിച്ചു ചാട്ടമുണ്ടാവുക. പ്രാദേശിക ടൂറിസം പദ്ധതികൾ നാല് ഇരട്ടിയാക്കും. സ്‌പോർട്‌സ് മേഖലയിൽ ആഗോള കമ്പനികളുമായി സഹകരിച്ച് പ്രൊജക്ടുകൾ പൂർത്തിയാക്കും.

7. കറൻസി രഹിത രാജ്യമായി സൗദിയെ മാറ്റും. ഇലക്ടോണിക്‌സ് ഇടപാടുകൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കും. സൗദി റിസർവ് ബാങ്കുമായി സഹകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

8. വൻകിട പദ്ധതികളായ നിയോം, ചെങ്കടൽ പദ്ധതി, ഖിദ്ദിയ്യ, റൂഷൻ എന്നിവയിലെ താമസ കേന്ദ്രങ്ങളുടെ പൂർത്തീകരണം.

9. ആഗോള താപനവും ഭൂസംരക്ഷണവും ലക്ഷ്യം വെച്ച് പുനരുപയോഗ ഊർജ മേഖല സജീവമാക്കും. കാർബൺ രഹിത നഗരങ്ങൾ സൃഷ്ടിക്കും. ഇതിനായി സൗദിക്കകത്ത് പദ്ധതികൾ തുടങ്ങും.

10. ഖനന മേഖലയിലെ നിക്ഷേപവും വികസനവും. എണ്ണ പ്രകൃതി വാതക മേഖല കഴിഞ്ഞാൽ സൗദിയിൽ ഏറ്റവും കൂടുതൽ പദ്ധതികൾ ഈ രംഗത്തായിരിക്കും.

11. ആരോഗ്യ മേഖലയെ ഉടച്ച് വാർക്കും. ഇതിനായി പ്രത്യേക കർമ പദ്ധതി തയ്യാറാക്കും.

12. നൂൺ ഉൾപ്പെടെയുള്ള ഓൺലൈൻ വ്യാപാര ശൃംഖലകളെ പിന്തുണക്കും. ഇ-കൊമേഴ്‌സ് മേഖലയിൽ വിപ്ലവമുണ്ടാക്കും.

13. ടെലകോം മാധ്യമ ടെക്‌നോളജി മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും. ജീവിത നിലവാരവും ഇതിന്റെ ഭാഗമായി മാറും. സ്വദേശികൾക്കൊപ്പം വിദേശികൾക്കും വൻ ജോലി സാധ്യതയാണ് പദ്ധതി തുറന്നിടുന്നത്.

അഞ്ച് വർഷം കൊണ്ട് സൗദി അറേബ്യ സമ്പൂർണ മാറ്റത്തിന് വിധേയമാകുമെന്നാണ് കിരീടാവകാശിയുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം തുടങ്ങിയ വൻകിട പദ്ധതികളിലൂടെ മൂന്ന് ലക്ഷത്തിലേറെ തൊഴിലുകൾ സൃഷ്ടിക്കാനായതായും കിരീടാവകാശി പറഞ്ഞു.