ഖത്തർ-സൗദി വ്യാപാര ബന്ധം ഊഷ്മളമായേക്കും; പ്രതീക്ഷയില് സൗദി, ഖത്തർ ബിസിനസ് കൗൺസിൽ
ഖത്തറിലേയും സൗദിയിലേയും വ്യാപാരികൾക്കും നിക്ഷേപർക്കും പുതിയ നീക്കങ്ങൾ ഗുണമാകും

അതിർത്തികൾ തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വേഗത്തിൽ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഖത്തർ ബിസിനസ് കൗൺസിൽ. ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കുന്നത് രണ്ടു രാജ്യങ്ങൾക്കും മേഖലക്കും ഗുണം ചെയ്യും. എഴുന്നൂറ് കോടിയിലേറെ റിയാലിന്റെ കച്ചവടമാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനം ഉണ്ടായിരുന്നത്.
ഖത്തറുമായുള്ള വ്യോമ, കര, സമുദ്ര അതിർത്തികൾ സൗദി തുറന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം വേഗത്തിൽ തുടങ്ങാനുള്ള നീക്കം. ഇതിനായി സൗദി-ഖത്തർ ബിസിനസ് കൗൺസിൽ സജീവമാക്കും. ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കുന്നത് രണ്ടു രാജ്യങ്ങൾക്കും മേഖലക്കും ഗുണം ചെയ്യും. 2017 ൽ സൗദി-ഖത്തർ വ്യാപാരം 700 കോടിയിലേറെ റിയാലായിരുന്നു. ഇതിൽ 85 ശതമാനവും ഖത്തറിലേക്കുള്ള സൗദി കയറ്റുമതിയാണ്. അനുരഞ്ജന തീരുമാനം ഗൾഫ് ഐക്യം ശക്തിപ്പെടുത്തും.
ഖത്തറിലേയും സൗദിയിലേയും വ്യാപാരികൾക്കും നിക്ഷേപർക്കും പുതിയ നീക്കങ്ങൾ ഗുണമാകും. സൗദിക്കും ഖത്തറിനുമിടയിലെ വ്യാപാരത്തിന്റെ മുഖ്യപാത സൽവ അതിർത്തിയാണ്. കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ വഴിയാണ് ഇവിടേക്കുള്ള പ്രധാന മാർഗം. പെട്രോകെമിക്കൽസ് ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, നിർമാണ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, കന്നുകാലികൾ എന്നിവ അടക്കം എല്ലാവിധ ഉൽപന്നങ്ങളും സൗദിയിൽ നിന്ന് ഖത്തർ ഇറക്കുമതി ചെയ്തിരുന്നു. തിരിച്ചും വ്യാപാരമുണ്ടായി. സൽവ അതിർത്തി വഴി പ്രതിവർഷം മൂന്നര ലക്ഷം ചരക്കു വാഹനങ്ങളാണ് ഉപരോധത്തിന് മുമ്പ് കടന്നു പോയിരുന്നത്.