സൗദി-ഖത്തര് നയതന്ത്രബന്ധം ശക്തമാക്കുന്നു
സൗദി കിരീടാവകാശിയും ഖത്തർ അമീറും നടത്തിയ കൂടിക്കാഴ്ചയിൽ ബന്ധം ഊഷ്മളമാക്കാൻ തീരുമാനിച്ചു

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ സൗദി അറേബ്യ നയതന്ത്രബന്ധം ശക്തമാക്കുന്നു. സൗദി കിരീടാവകാശിയും ഖത്തർ അമീറും നടത്തിയ കൂടിക്കാഴ്ചയിൽ ബന്ധം ഊഷ്മളമാക്കാൻ തീരുമാനിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗവും തീരുമാനത്തെ സ്വാഗതം ചെയ്തു. ഗൾഫ് ലോകം കണ്ണു നിറയെ കണ്ട കാഴ്ചയായിരുന്നു ഇന്നലത്തേത്. നീട്ടിയ കൈകൾക്കത്ത് ഖത്തറും സൗദിയും മൂന്നര വർഷത്തിന് ശേഷം ഒന്നിച്ച നിമിഷം. ആ ചരിത്ര നിമിഷത്തിന് പിന്നാലെ ജി.സി.സി ഉച്ചകോടി.
ഇതിനിടയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടേയും കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദവും നയതന്ത്ര ബന്ധവും ഊഷ്മളമാക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായി സൗദി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഗൾഫ് സംയുക്ത പദ്ധതികളും ചർച്ചയായി.
കൂടിക്കാഴ്ചയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രി ഡോ. മുസാഇദ് അൽ ഐബാൻ, ഖത്തർ ഉപ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ അൽഥാനി, ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി, ശൈഖ് ഖലീഫ ബിൻ ഹമദ് അൽഥാനി എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം അൽഉലയിലെ ചരിത്ര പ്രധാന കേന്ദ്രങ്ങളിലേക്ക് സൗദി കിരീടാവകാശി ഇവരെ കൂട്ടിക്കൊണ്ടു പോയി. ഉച്ചകോടിക്ക് ശേഷം ഇവരെ യാത്രയാക്കാനും നേതൃത്വം നൽകിയത് സൗദി കിരീടാവകാശി തന്നെ. കൗതുകത്തോടെയാണ് ഇരു കൂട്ടരുടേയും ചിത്രങ്ങളും ദൃശ്യങ്ങളും ലോകം സ്വീകരിച്ചത്. പുതിയ നീക്കങ്ങളെ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗവും സ്വാഗതം ചെയ്തു.