ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചു; കരാറില്‍ മുഴുവന്‍ ജി.സി.സി രാജ്യങ്ങളും ഒപ്പുവെച്ചു
കര വ്യോമ ജലപാതകള്‍ തുറന്നെങ്കിലും കോവിഡ് യാത്രാനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സര്‍വീസുകള്‍ പെട്ടെന്ന് ആരംഭിച്ചേക്കില്ല.

അല്‍ ഉല ചരിത്ര പ്രഖ്യാപനത്തോടെ ഖത്തറിന് മേലുള്ള അയല്‍രാജ്യങ്ങളുടെ ഉപരോധം നീങ്ങി. കര വ്യോമ ജലപാതകള്‍ തുറന്നെങ്കിലും കോവിഡ് യാത്രാനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സര്‍വീസുകള്‍ പെട്ടെന്ന് ആരംഭിച്ചേക്കില്ല. അതേസമയം മറ്റ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി ഖത്തര്‍ എയര്‍വേയ്സിന് ഇന്ന് മുതല്‍ തന്നെ സൌദിയുടെ വ്യോമപാത ഉപയോഗിക്കാം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജെറാദ് കുഷ്നറുടെ സാനിധ്യത്തിലാണ് ജിസിസി രാജ്യങ്ങള്‍ അല്‍ ഉല ഐക്യപ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് ഖത്തറിനെതിരെ സൌദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അവസാനിപ്പിച്ചു. ജിസിസിക്ക് പുറത്തുള്ള ഈജിപ്തും വ്യോമഉപരോധം നീക്കി. ഇതോടെ ഖത്തറിന് മുന്നില്‍ അടഞ്ഞുകിടന്ന മൂന്ന് പാതകളും തുറക്കപ്പെട്ടു.
എന്നാല്‍ ഖത്തറില്‍ നിന്നും ഈ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ പെട്ടെന്ന് ആരംഭിക്കാന്‍ സാധ്യതയില്ല. നിലവില്‍ എയര്‍ബബിള്‍ ധാരണയനുസരിച്ചുള്ള സര്‍വീസുകള്‍ മാത്രമേ ഈ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്നുള്ളൂ. ഈ രാജ്യങ്ങളുടെ വിദേശകാര്യ വ്യോമയാന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തി ആവശ്യമെങ്കില്‍ വിവിധ നിയന്ത്രണങ്ങളോടെ മാത്രം സര്‍വീസുകള്‍ പുനസ്ഥാപിച്ചേക്കാം. അതേസമയം ഖത്തറിന് ഇന്ന് മുതല്‍ തന്നെ മറ്റിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നടത്തുന്നതിനായി സൌദിയുടെ വ്യോമപാത ഉപയോഗിക്കാം.
ഉപരോധത്തെ തുടര്‍ന്ന് ഈ വ്യോമപാത അടച്ചതോടെ വന്‍ തുക വാടക നല്കി ഇറാന്റെ വ്യോമപാതയിലൂടെയായിരുന്നു ഖത്തര്‍ സര്‍വീസുകള്‍ നടത്തിക്കൊണ്ടിരുന്നത്. അതിനാല്‍ തന്നെ ഉപരോധം നീക്കിയത് ഏറ്റവും വലിയ ആശ്വാസമേകുക ഖത്തര്‍ എയര്വേയ്സിനായിരിക്കും. ഖത്തറില്‍ നിന്നും സൌദിയിലേക്കും തിരിച്ചും കരമാര്‍ഗമുള്ള പ്രവേശനവും കോവിഡ് പ്രോട്ടോകോള്‍ കാരണം പെട്ടെന്ന് പുനസ്ഥാപിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഉംറ സീസണ് ആരംഭിച്ചാല്‍ ഖത്തരി പൌരന്മാര്ക്ക് മാത്രം ഈ അതിര്‍ത്തി വഴി പ്രവേശനാനുമതി നല്കാന് സാധ്യതയുണ്ട്. ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുന്ന മുറയ്ക്ക് ചരക്കുവാഹനങ്ങള്‍ക്ക് അതിര്‍ത്തി കടന്ന് വരാന്‍ അനുമതി ലഭിച്ചേക്കും.