അതിര്‍ത്തികള്‍ തുറന്നു; സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതിന് എംബസി നടത്തി വന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായി

സൗദിയുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെ കര, വ്യോമ മാര്‍ഗം വിദേശികള്‍ വീണ്ടും രാജ്യത്തേക്ക് എത്തിതുടങ്ങി. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാന കമ്പനികളാണ് ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്. ഇന്ത്യയില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതിന് എംബസി നടത്തി വന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അനൂകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍.
രണ്ടാഴ്ചത്തെ യാത്രാ വിലക്കിന് ശേഷം ഇന്നലെ രാജ്യാതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെയാണ് വിദേശികള്‍ വീണ്ടും സൗദിയിലേക്ക് എത്തി തുടങ്ങിയത്. ഇന്ന് മുതലാണ് സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ ആരംഭിച്ചത്. ഇതോടെ ദിവസങ്ങളായി യാത്ര ചെയ്യാന്‍ കഴിയാതെ കുടുങ്ങി കിടന്ന പലരും ടിക്കറ്റിനായി നെട്ടോട്ടം ഓടുകയാണെന്ന് ട്രാവല്‍സ് രംഗത്തുള്ളവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍. ഇവര്‍ യു.എ.ഇ യിലെത്തി ക്വാറന്റൈന് പിരീഡ് പൂര്‍ത്തിയാക്കിയെങ്കിലും യാത്ര വിലക്ക് കാരണം മടങ്ങാന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെ ഇന്ത്യയില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സൗദി ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചു. ബന്ധപ്പെട്ട സൗദി മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. അനുകൂല തീരുമാനം ഉടന്‍ പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ടവര്‍ ശുഭാപ്തി പ്രകടിപ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളാണ് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ മാത്രമേ ഒരു വര്‍ഷമായി അവധിക്കു പോയി കുടുങ്ങിയ ഇവരില്‍ പലര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ സാധിക്കൂ.