മക്ക കെഎംസിസി സെക്രട്ടറി ഹംസ സലാം മക്കയിൽ മരണപ്പെട്ടു
ജന സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു
മക്ക കെഎംസിസി സെക്രട്ടറിയും മക്കയിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ ഹംസ സലാം (50) മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്.
മക്കയിൽ ഹറമിനടുത്തുള്ള ലോഡ്ജിൽ എലെക്ട്രിക്കൽ എൻജിനിയർ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് എട്ടാം തിയ്യതി നാട്ടിലേക്ക് പോവാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്.
മൂന്ന് പതിറ്റാണ്ട് കാലം മക്കയിലെ സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഹജ്ജ് സേവന രംഗത്തും മക്ക കെഎംസിസി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നേതൃത്വം വഹിച്ചിരുന്നു. ഹറമിൽ മയ്യത്ത് നമസ്കരിച്ച് ഇന്ന് ജന്നത്തുൽ മുഅല്ലയിൽ കബറടക്കുമെന്ന് മക്ക കെഎംസിസി നേതാക്കൾ അറിയിച്ചു.
ഭാര്യ: സീനത്ത്, മക്കൾ: സദിദ, സബീഹ, സഹബിൻ