സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി; പഴയതും പുതിയതുമായ എല്ലാ ജീവനക്കാര്‍ക്കും ബാധകം
മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്

സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയം. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് 4000 റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വദേശികളുടെ മിനിമം വേതനം രാജ്യത്ത് ഉയര്‍ത്തിയത്.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ വക്താവ് നാസര്‍ അല്‍ ഹസനിയാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. രാജ്യത്ത് അടുത്തിടെ പ്രഖ്യാപിച്ച സ്വദേശികളുടെ സ്വാകാര്യ മേഖലയിലെ മിനിമം വേതന വര്‍ധനവ് എല്ലാവര്ക്കും ബാധകമായിരിക്കും. നിലവില്‍ ജോലി ചെയ്തു വരുന്നവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ഒരുപോലെ ഇതിന്റെ പ്രയോജനം ലഭിക്കും. 3000 റിയാലായിരുന്ന കുറഞ്ഞ ശമ്പളം 4000മായി ഉയര്‍ത്തിയാണ് പുതുക്കി നിശ്ചയിച്ചത്.
മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അഞ്ച് മാസത്തിനകം പ്രാബല്യത്തില്‍ വരുത്താനാണ് നിര്‍ദ്ദേശം. പുതുക്കിയ മിനിമം വേതനത്തിന് അനുസൃതമായിട്ടാണ് ഇനി മുതല്‍ നിതാഖാത്ത് വ്യവസ്ഥയിലെ സ്വദേശി അനുപാതവും നിശ്ചയിക്കുക. 4000 മുതല്‍ മേല്പ്പോട്ട് ശമ്പളം വാങ്ങുന്നവര്‍ മാത്രമായിരിക്കും നിതാഖാത്ത് സംവിധാനത്തില്‍ ഒരു പൂര്‍ണ്ണ സ്വദേശി ജീവനക്കാരന്. മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് ശമ്പളമെങ്കില്‍ അര്‍ദ്ധ ജീവനക്കാരനായിട്ടാണ് പരിഗണിക്കുക. മൂവായിരത്തിന് താഴെ വേതനം കൈപ്പറ്റുന്നവരെ നിതാഖാത്ത് സംവിധാനത്തില്‍ പരിഗണിക്കില്ല.