LiveTV

Live

Saudi Arabia

കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണയിലെത്തി സൗദി അറേബ്യ

സൗദിക്ക് പുറമേ യു.എ.ഇ, കുവൈത്ത്, ബഹറൈന്‍, ഒമാന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ വിതരണവകാശവും കമ്പനിക്കായരിക്കും

കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണയിലെത്തി സൗദി അറേബ്യ

കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി സൗദി അറേബ്യ ധാരണയിലെത്തി. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ വാക്‌സിന്‍ വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് നിര്‍മ്മാതാക്കള്‍.

സൗദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്‍റ് മെഡിക്കല്‍ അപ്ലയന്‍സസ് കമ്പനി അഥവാ സ്പിമാക്കോ ആണ് ധാരണ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ജര്‍മന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ക്യൂര്‍വാക്കുമായാണ് കരാര്‍ ഒപ്പ് വെച്ചത്. കമ്പനി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍റെ സൗദിയിലെ വിതരണവും അനുമതിയും നേടുന്നതിനുള്ള പ്രാഥമിക ധാരണയിലാണ് ഇരു സ്ഥാപനങ്ങളും എത്തിയത്. ഇതിനായി വാക്‌സിന്‍റെ രജിസ്‌ട്രേഷന്‍, വിതരണ അനുമതി, മറ്റു റെഗുലേറ്ററി ആവശ്യമായ ആരോഗ്യ മന്ത്രാലയത്തിന്‍റെയും എഫ്.ഡി.എയുടെയും അനുമതികള്‍ എന്നിവ നേടുന്നതിനാണ് സ്പിമാക്കോ പ്രവര്‍ത്തിക്കുക. ഇവ പൂര്‍ത്തിയാകുന്ന മുറക്ക് വാണിജ്യ കരാര്‍ ഉള്‍പ്പെടെയുള്ള അന്തിമ കരാറിലും ഏര്‍പ്പെടാനാണ് ധാരണ.

സൗദിക്ക് പുറമേ യു.എ.ഇ, കുവൈത്ത്, ബഹറൈന്‍, ഒമാന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ വിതരണവകാശവും കമ്പനിക്കായരിക്കും. ക്യൂര്‍വാക്കിന്‍റെ വാക്‌സിന്‍ രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെയുള്ള അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നതിനാല്‍ ട്രാന്‍സ്‌പോര്‍ട്ടഷനും സ്‌റ്റോറേജും സുരക്ഷിതമായിരിക്കുമെന്നും കമ്പനി അവകാശപ്പെട്ടു. വാക്‌സിന്‍ പരീക്ഷണത്തിന്‍റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതായും അടുത്ത വരഷം ആദ്യ പാദത്തില്‍ ഇ.എം.എയുടെ അംഗീകാരം കൂടി നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.