LiveTV

Live

Saudi Arabia

ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നു; ആദ്യ ഘട്ടത്തിൽ ആഭ്യന്തര തീർത്ഥാടകർ മാത്രം

സൗദിയിൽ കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ, കഴിഞ്ഞ ഫെബ്രുവരി മുതൽ വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു

ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നു; ആദ്യ ഘട്ടത്തിൽ ആഭ്യന്തര തീർത്ഥാടകർ മാത്രം

സൗദിയിൽ അഞ്ചര മാസങ്ങൾക്ക് ശേഷം ഉംറ തീർത്ഥാടനം പുനരാരംഭിക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ സൗദിക്കകത്തുള്ളവർക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതി ലഭിക്കുക.

സൗദിയിൽ കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ, കഴിഞ്ഞ ഫെബ്രുവരി മുതൽ വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മാർച്ച് രണ്ടിന് ആദ്യ കോവിഡ് സ്ഥിരീകരിച്ചതിന് പിറകെ, ഉംറ തീർത്ഥാടനത്തിനും, മക്ക, മദീന തുടങ്ങിയ പുണ്യ നഗരികൾ സന്ദർശിക്കുന്നതിനും പൂർണ്ണമായ വിലക്കേർപ്പെടുത്തി. രാജ്യത്തെ കോവിഡ് സ്ഥിതി ആശ്വാസകരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ, ഉംറ തീർത്ഥാടനം ഘട്ടം ഘട്ട മായി പുനസ്ഥാപിക്കുമെന്ന് ആഴ്ചകൾക്ക് മുമ്പ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിന് പിറകെ യാണ് ഇപ്പോൾ, കർശന വ്യവസ്ഥകളോടെ ഉംറ തീർത്ഥാടനം വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തിൽ സൗദിക്കകത്തുളളവർക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതി ലഭിക്കുക. ഉംറ നിർവ്വഹിക്കുവാൻ ഉദ്ദേശിക്കുന്ന തിയതിയും സമയവും പ്രത്യേക മൊബൈൽ ആപ്പ് വഴി നിർണ്ണയിക്കണം. ഹജ്ജ് മാതൃകയിൽ ഇവ്വിധം അനുമതി പത്രം നേടുന്നവർക്ക് മാത്രമേ ഉംറ നിർവ്വഹിക്കുവാനാകൂ.

അനുമതി ലഭിക്കുന്നവർ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പഴയപോലെ പൂർണ്ണായും പുനസ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച വ്യവസ്ഥകളും ഉപാധികളും ഹജ്ജ് ഉംറ മന്ത്രാലയം ഉടനെ പ്രഖ്യാപിക്കുന്നതാണ്.