LiveTV

Live

Saudi Arabia

സൗദിയില്‍ ഇനി ഈ-വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യാം

ബാങ്ക് എകൗണ്ട് ഇല്ലാത്ത തൊഴിലാളികള്‍ക്ക് പദ്ധതി ഉപകാരമാവും

സൗദിയില്‍ ഇനി ഈ-വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യാം

സൗദിയില്‍ ഈ-വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യുന്നതിന് മന്ത്രാലയം അനുമതി നല്‍കി. ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് ഈ വാലറ്റുകള്‍ വഴി വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയത്. പദ്ധതി സംബന്ധിച്ച കരാറില്‍ മന്ത്രാലയവും ഈ-വാലറ്റ് സ്ഥാപനങ്ങളും തമ്മില്‍ ധാരണയായി.

മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അനുമതി നല്‍കിയത്. ചെറുകിട, ഇടത്തരം സംരഭങ്ങളിലെ ജീവനക്കാരുടെ മാസ വേതനം ബാങ്ക് എകൗണ്ടുകള്‍ക്ക് പകരം ഈ-വാലറ്റുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി നല്‍കിയത്. മന്ത്രാലയം അംഗീകരിച്ചതും മദാദ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തതുമായ ഈ-വാലറ്റുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതിയുള്ളത്. സ്വന്തമായി ബാങ്ക് എകൗണ്ട് ഇല്ലാത്ത തൊഴിലാളികള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കുക.

ഇത്തരം വാലറ്റുകളില്‍ ശമ്പള തുക നിക്ഷേപിക്കുന്നത് തൊഴിലാളിക്ക് ശമ്പളം നല്‍കിയതിനുള്ള തെളിവായി അംഗീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പദ്ധതി സംബന്ധിച്ച കരാറില്‍ രാജ്യത്തെ ഈ-വാലറ്റ് സ്ഥാപനങ്ങളുമായി മന്ത്രാലയം ധാരണയിലെത്തി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവാ ഗോസിയുമായും ഇത് ബന്ധിപ്പിക്കും. ഇതിനാവശ്യമായ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ മുതല്‍ രാജ്യത്തെ ചെറുകിട സംരഭങ്ങളെ കൂടി വേതന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പള വിതരണത്തിന് ബാങ്കുകളെയോ മറ്റു ധനകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയും സംജാതമായിട്ടുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് കൊണ്ടാണ് മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്