LiveTV

Live

Saudi Arabia

സ്വദേശികള്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ നാളെ മുതല്‍ വിമാനസര്‍വീസ്

ജനുവരി ഒന്നിന് ശേഷമാണ് സര്‍വീസുകള്‍ സാധാരണ രീതിയിലാവുക

സ്വദേശികള്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ നാളെ മുതല്‍ വിമാനസര്‍വീസ്

നാളെ മുതല്‍ സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും സൗദിയിലേക്ക് മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ തുടങ്ങും. നിബന്ധനകളോടെയാണ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം. ജനുവരി ഒന്നിന് ശേഷമാണ് എല്ലാ അതിര്‍ത്തുകളും തുറന്ന് മുഴുവന്‍ വിദേശ സര്‍വീസുകളും സാധാരണനിലയിലാവുക.

നാളെ മുതല്‍ പൗരന്മാര്‍ക്കും ജി.സി.സിയില്‍ നിന്നുള്ള പ്രവാസികള്‍ക്കും സൗദിയില്‍ പ്രവേശിക്കാം. ഭാഗികമായും നിബന്ധനകളോടും കൂടിയാണ് അതിര്‍ത്തികള്‍ തുറക്കുക.

സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, കായിക താരങ്ങള്‍ രോഗികള്‍, ആശ്രിത വിസയിലുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ഈ വിഭാഗത്തില്‍ പെട്ടവര്‍‌ക്ക് രാജ്യത്തിന് പുറത്ത് പോകാനും തിരിച്ചു വരാനും എപ്പോഴും അനുമതിയുണ്ടാകും.

ജനുവരി ഒന്നിന് ശേഷമാണ് സര്‍വീസുകള്‍ സാധാരണ രീതിയിലാവുക. അന്നു മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള പ്രോട്ടോകോള്‍ ഡിസംബര്‍ ആദ്യ വാരം പ്രഖ്യാപിക്കും. പ്രവാസികളുടെ രാജ്യത്തെ കോവിഡ് സ്ഥിതി പരിശോധിച്ചാകും അനുമതി നല്‍കുക. നാളെ ആരംഭിക്കുന്ന യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര സംബന്ധിച്ച് യാത്രാ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. പ്രോട്ടോകോള്‍ തയ്യാറാക്കിയ ശേഷമാകും ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക. അതേസമയം, ഉംറ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഏജന്‍സികള്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഉംറ തുടങ്ങുന്ന തിയതിയും മന്ത്രാലയം പ്രഖ്യാപിക്കും.