LiveTV

Live

Saudi Arabia

സൗദിയില്‍ സ്വദേശി എഞ്ചിനിയര്‍മാര്‍ക്കായി തൊഴില്‍ പദ്ധതി

സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് പദ്ധതി ആരംഭിച്ചത്.

സൗദിയില്‍ സ്വദേശി എഞ്ചിനിയര്‍മാര്‍ക്കായി തൊഴില്‍ പദ്ധതി

സൗദിയില്‍ സ്വദേശികളായ എഞ്ചിനിയര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമായി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് പദ്ധതി ആരംഭിച്ചത്. എഞ്ചിനിയര്‍മാരെയും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പന്ത്രണ്ടായിരത്തിലധികം വരുന്ന സ്വദേശി എഞ്ചിനിയര്‍മാക്കാണ് ഇത് വഴി പ്രയോജനം ലഭിക്കുക.

രാജ്യത്തെ തൊഴിലന്വേഷകരായ എഞ്ചിനിയര്‍മാരുടെയും എഞ്ചിനിയര്‍ തസ്ഥികയിലേക്ക് ഉദ്യോഗാര്‍ഥികളെ തേടുന്ന സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പരസ്പരം ശേഖരിച്ചാണ് പദ്ധതി നടപ്പിലാക്കുക. എഞ്ചിനിയര്‍മാരെ തേടുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിച്ച് നേരിട്ട് സ്ഥാപനങ്ങളിലേക്ക് കൈമാറാനാണ് പദ്ധതി. പന്ത്രാണ്ടായിരത്തിലധികം വരുന്ന തൊഴിലന്വേഷകരായ സ്വദേശി യുവ എഞ്ചിനിയര്‍മാര്‍ക്ക് ഇത് വഴി തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

സ്വദേശി എഞ്ചിനിയര്‍മാരുടെ വിശ്വാസം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഇത് വഴി സാധിക്കുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് ആര്‍കിടെക്ചര്‍ വിഭാഗം മേധാവി എഞ്ചിനിയര്‍ ഫവാസ് ബിന്‍ ഫര്‍ഹാന്‍ അല്‍ശമ്മാരി പറഞ്ഞു. പദ്ധതിക്കായി ഉദ്യോഗാര്‍ഥികളുടെയും സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പ്രത്യേകം സ്വീകരിക്കും. പദ്ധതിക്ക് അനുകൂലമായി നിരവധി സ്ഥാപനങ്ങള്‍ ഇതിനകം രംഗത്തെത്തി കഴിഞ്ഞു. 3600 എഞ്ചിനിയര്‍മാര്‍ ഇതിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 375 പേര്‍ വനിതകളും ബാക്കി 3225 പേര്‍ പുരുഷന്‍മാരുമാണ്. എഞ്ചിനിയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലക്ഷത്തോളം വരുന്ന എഞ്ചിനിയര്‍മാരില്‍ 65282 പേരാണ് സ്വദേശികളായിട്ടുള്ളവര്‍. പുതിയ പദ്ധതി വഴി സ്വദേശി എഞ്ചിനയര്‍മാര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.