LiveTV

Live

Saudi Arabia

കോവിഡാനന്തരം വിദേശ തൊഴിലാളികള്‍ സൗദിയില്‍ മടങ്ങിയെത്തി

ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായാണ് തൊഴിലാളികള്‍ രാജ്യത്തേക്ക് തിരിച്ചെത്തിയത്

കോവിഡാനന്തരം വിദേശ തൊഴിലാളികള്‍ സൗദിയില്‍ മടങ്ങിയെത്തി

കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി സൗദിയിലേക്ക് വിദേശ തൊഴിലാളികളെ തിരിച്ചെത്തിച്ചു. 10 കമ്പനികളിലെ ജീവനക്കാരെയാണ് പ്രത്യേക നിര്‍ദ്ദേശപ്രകാരം രാജ്യത്ത് തിരിച്ചെത്തിച്ചത്. സൗദിയില്‍ വന്‍കിട നിക്ഷേപം നടത്തിയ വിദേശ കമ്പനികളുടെ ആവശ്യ പ്രകാരമാണ് കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയമായി ജീവനക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായാണ് തൊഴിലാളികള്‍ രാജ്യത്തേക്ക് തിരിച്ചെത്തിയത്. രാജ്യത്ത് വന്‍ നിക്ഷേപം നടത്തി പദ്ധതികള്‍ പുരോഗമിക്കുന്ന കമ്പനികളുടെ ജീവനക്കാരെയാണ് ഇത്തരത്തില്‍ തിരികെയെത്തിച്ചത്. ഊര്‍ജ മേഖലയിലും റെയില്‍വേ രംഗത്തും, വ്യാവസായിക മേഖലയിലും പ്രൊജക്ടുകള്‍ നടത്തി വരുന്ന കമ്പനികള്‍ ഉള്‍പ്പെടുന്നതാണിവ. കമ്പനികള്‍ സമര്‍പ്പിച്ച പ്രത്യേക അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് നടപടി. ജീവനക്കാരെ തിരിച്ചെത്തിക്കുന്നതിന് കമ്പനികള്‍ നേരത്തെ വാണിജ്യ നിക്ഷേപ മന്ത്രാലയത്തെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെയും സമീപിച്ചിരുന്നു. നിക്ഷേപ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഇബ്രാഹീം അല്‍ സുവൈലിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയത്. ജീവനാക്കാരുടെ അസാനിധ്യം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വേഗത്തില്‍ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എന്നാല്‍ മറ്റ് വിദേശി തൊഴിലാളികള്‍ രാജ്യത്തേക്ക് മടങ്ങുന്നത് സംബന്ധിച്ച് ഉത്തരവുകള്‍ ഒന്നും ഇത് വരെ പുറത്തിറങ്ങിയിട്ടില്ല.