LiveTV

Live

Saudi Arabia

സൗദിയില്‍ കോവിഡ് കേസുകളും മരണനിരക്കും കുറയുന്നു

ആഴ്ചകളായി പുതിയ രോഗികളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞ് വരികയാണെന്ന് പ്രതിദിന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

സൗദിയില്‍ കോവിഡ് കേസുകളും മരണനിരക്കും കുറയുന്നു

സൗദിയിൽ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞു. അഞ്ച് മാസത്തിനിടെ നൂറ്റി മുപ്പത് മലയാളികളും സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ സൌദിയിൽ പുതിയ കേസുകളും മരണ നിരക്കും കുറഞ്ഞ് വരുന്നതായാണ് റിപ്പോർട്ട്.

മാർച്ച് രണ്ടിനാണ് സൗദിയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 24ന് മദീനയിൽ ഒരു അഫ്ഗാൻ പൗരൻ മരണപ്പെട്ടതായിരുന്നു ആദ്യത്തെ കോവിഡ് മരണം. 767 പേർക്കായിരുന്നു അന്ന് വരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 28 പേർ രോഗം ഭേദമായി ആശുപത്രിവിടുകയും ചെയ്തു.

അഞ്ച് മാസം പിന്നിട്ടപ്പോൾ, ഇന്ന് മരിച്ച 36 പേരുൾപ്പെടെ രാജ്യത്ത് കാവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3020 ലെത്തി. ഇതിൽ 130 പേർ മലയാളികളുമാണ്. സൗദിയിൽ ഏറ്റവും കൂടതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും, കൂടുതൽ പേർ മരിച്ചതും റിയാദിലാണ്. റിയാദിൽ ഇത് വരെ 843 പേർ മരിച്ചു. തൊട്ടുപിറകിലായി ജിദ്ദയിൽ 695 പേരും, മക്കയിൽ 546 പേരും മദീനയിൽ 117 പേരും, ഹുഫൂഫിൽ 112 പേരും മരിച്ചിട്ടുണ്ട്.

എങ്കിലും രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ ആശ്വാസം പകരുന്നതാണ്. ആഴ്ചകളായി പുതിയ രോഗികളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞ് വരികയാണെന്ന് പ്രതിദിന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് 1,389 പുതിയ കേസുകളും 1626 രോഗ മുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതുൾപ്പെടെ 2,82,824 പേർക്ക് രോഗം ബാധിച്ചതായും, അതിൽ 2,45,314 പേർ സുഖം പ്രാപിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.