LiveTV

Live

Saudi Arabia

സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്

മാസപ്പിറവി സൌദിയില്‍ എവിടെയും ദൃശ്യമായില്ല

സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൌദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ദുല്‍ഹജ്ജ് ഒന്ന് ബുധനാഴ്ചയായിരിക്കും. ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലെ മുപ്പതിന് വ്യാഴാഴ്ച നടക്കും.

ബലിപെരുന്നാളും അറഫാ ദിനവും നിശ്ചയിച്ചതോടെ ഹജ്ജൊരുക്കങ്ങള്‍ വേഗത്തിലായിരിക്കുകയാണ്. കര്‍മങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇത്തവണ ക്രമീകരണങ്ങള്‍.

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച ദുല്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കും. ബുധനാഴ്ച ദുല്‍ഹജ്ജ് മാസത്തിന് തുടക്കം. ദുല്‍ഹജ്ജ് ഒമ്പതിനാണ് അറഫാ സംഗമം. ഹജ്ജിന്‍റെ ആത്മാവായ അറഫാ സംഗമം നടക്കുന്നത് ജൂലൈ 30നാണ്. അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഹജ്ജ് ലഭിക്കില്ല.

പതിനായിരത്തില്‍ താഴെ ഹാജിമാരേ ഇത്തവണയുള്ളൂ. കോവി‍ഡ് സാഹചര്യത്തില്‍ ഹാജിമാര്‍ ഏഴ് ദിവസത്തെ ക്വാറന്‍റൈനും മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കിയാണ് ഹജ്ജിനെത്തുക. മുഴുസമയം ഇവരോടൊപ്പം മെഡിക്കല്‍ സംഘമുണ്ടാകും. സമ്പര്‍ക്കത്തിലാകാതിരിക്കാന്‍‌ ഹാജിമാര്‍ക്കായി സുരക്ഷാ വളകള്‍ നല്‍കും.

ജൂലൈ 31നാണ് ബലി പെരുന്നാള്‍. ഹജ്ജ് കര്‍മത്തില്‍ ഹാജിമാര്‍ക്ക് ഏറ്റവും തിരക്ക് പിടിച്ച ദിവസമാണത്, അന്നേ ദിവസം അറഫ, മിന, മുസ്ദലിഫ, ജംറാത്ത്, കഅ്ബ എന്നിവക്കരികില്‍ പ്രത്യേക ക്രമീകരണങ്ങളുണ്ടാകും.