LiveTV

Live

Saudi Arabia

സൗദിയില്‍ ഇന്ന് 41 കോവിഡ് മരണം; അയ്യായിരത്തിലേറെ രോഗമുക്തി

മരണ നിരക്കിൽ ഇന്നും റിയാദ് തന്നെയാണ് മുന്നിൽ.

സൗദിയില്‍ ഇന്ന് 41 കോവിഡ് മരണം; അയ്യായിരത്തിലേറെ രോഗമുക്തി

സൌദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോടടുക്കുന്നു. ഇന്ന് 41 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇന്ന് മാത്രം അയ്യായിരത്തിൽ പരം ആളുകൾക്ക് രോഗം ഭേദമായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു തുടങ്ങി.

ഇന്ന് 37,740 പേരിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ, മൂവായിരത്തി നാനൂറിന് താഴെ പേരിൽ മാത്രമാണ് പോസിറ്റീവ് കണ്ടെത്തിയത്. അയ്യായിരത്തിലധികം പേർക്ക് ഇന്ന് രോഗം ഭേദമാകുകയും ചെയ്തു. രാജ്യത്ത് ഇത് വരെ രോഗം ഭേദമായിട്ടുളളതിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. റിയാദിൽ മാത്രം മൂവായിരത്തിലധികം പേർക്ക് രോഗം ഭേദമായി.

അതേസമയം റിയാദിൽ ഇന്ന് പുതിയതായി 241 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ദമ്മാമിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 333 പേർക്ക് ദമ്മാമിൽ രോഗം സ്ഥിരീകരിച്ചപ്പോൾ വെറും ആറ് പേർക്ക് മാത്രമാണ് രോഗമുക്തി നേടാനായത്, മക്കയിൽ 331 ഉം, ഹുഫൂഫിലും ഖത്തീഫിലും 304 ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു, മക്കയിലും ജിദ്ദയിലും നാനൂറിന് താഴെ ആളുകൾക്ക് ഇന്ന് ഭേദമായിട്ടുണ്ട്.

മരണ നിരക്കിൽ ഇന്നും റിയാദ് തന്നെയാണ് മുന്നിൽ. ഇന്നും റിയാദിൽ 17 പേർ മരിച്ചു. ജിദ്ദയിൽ 11ഉം, മക്കയിൽ നാല് പേരും ഇന്ന് മരിച്ചിട്ടുണ്ട്. എന്നാൽ ദമ്മാമിൽ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് മരിച്ച 41 പേരുൾപ്പെടെ രാജ്യത്തെ ആകെ മരണ സംഖ്യ 1428 ആയി. ഇന്ന് രോഗ മുക്തി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 51,325 ആയി കുറഞ്ഞു.