LiveTV

Live

Saudi Arabia

സൗദിയില്‍ നിന്നും കേരളത്തിലേക്ക് തീവെട്ടിക്കൊള്ള നിരക്ക്: പൊരിവെയിലത്ത് ക്യൂ നിന്ന് ലഭിക്കുന്ന ടിക്കറ്റിന് ചാര്‍ട്ടേഡ് വിമാനത്തേക്കാള്‍ നിരക്ക്‌; നിരക്ക് കുറക്കാന്‍ ഇടപെടണമെന്ന് സംഘടനകള്‍

ഘട്ടം ഘട്ടമായാണ് എയര്‍ ഇന്ത്യ വിമാന നിരക്ക് വര്‍ധിപ്പിച്ചത്

സൗദിയില്‍ നിന്നും കേരളത്തിലേക്ക് തീവെട്ടിക്കൊള്ള നിരക്ക്: പൊരിവെയിലത്ത് ക്യൂ നിന്ന് ലഭിക്കുന്ന ടിക്കറ്റിന് ചാര്‍ട്ടേഡ് വിമാനത്തേക്കാള്‍ നിരക്ക്‌; നിരക്ക് കുറക്കാന്‍ ഇടപെടണമെന്ന് സംഘടനകള്‍

സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താളവങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്ക്കാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ (ഏകദേശം 18760 രൂപ) ഈടാക്കിയ ദമ്മാം കൊച്ചി സര്‍വീസിന് ഇപ്പോള്‍ 1703 റിയാല്‍ (33635 രൂപയാണ്) ഈടാക്കുന്നത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും സമാന രീതിയിലാണ് ഉയര്‍ത്തിയിരിക്കുന്നത്.

ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് 1550 റിയാലാണ് ഈടാക്കുന്നത്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1700 റിയാലാണ് ഈടാക്കുന്നത്. റിയാദില്‍ നിന്നും ആയിരത്തി എഴുന്നൂറിന് മുകളിലാണ് പുതിയ നിരക്കെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പലര്‍ക്കും എംബസിയില്‍ നിന്നും വിളി വന്നപ്പോള്‍ പറഞ്ഞ നിരക്കല്ല എയര്‍ ഇന്ത്യാ അതികൃതര്‍ ഈടാക്കുന്നതെന്നും യാത്രക്കാര്‍ മീഡിയവണിനോട് പറഞ്ഞു.

റിയാദില്‍ മണിക്കൂറുകള്‍ പൊരിവെയിലത്ത് ക്യൂ നിന്നാണ് യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുന്നത്. മണിക്കൂറുകള്‍ കാത്തിരുന്ന് വൈകീട്ട് മൂന്ന് മണിയായപ്പോള്‍‌ പലരേയും മടക്കി അയക്കുകയും ചെയ്തു. നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് ടിക്കറ്റ് വാങ്ങാന്‍ സമയം നല്‍കുകുകയോ, ഓണ്‍ലൈന്‍ വഴി പണമടക്കാന്‍ സംവിധാനം ഉണ്ടാക്കിയാല്‍ പോരേയെന്നും യാത്രക്കാര്‍ ചോദിക്കുന്നു.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശുമടക്കം സൌജന്യമായാണ് ആദ്യ ഘട്ടത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയവരെ മടക്കി കൊണ്ടു പോയത്. സൌദി അറേബ്യയില്‍ രേഖകളില്ലാതെ പിടിയിലായ ഇന്ത്യക്കാരെ സൌദി അറേബ്യ സ്വന്തം ചിലവിലാണ് ഇന്ത്യയിലെത്തിച്ചത്. എന്നാല്‍ മാസങ്ങളോളം ജോലിയില്ലാതെ കുടുങ്ങിക്കിടന്ന സ്വന്തം പൌരന്മാരെ താങ്ങാവുന്ന നിരക്കിലല്ല രാജ്യം വിമാനത്തില്‍ കൊണ്ടു പോകുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും ഇടപെടണമെന്ന് ഇവര്‍‌ ചൂണ്ടിക്കാട്ടുന്നു.