LiveTV

Live

Saudi Arabia

വന്ദേ ഭാരത് മിഷൻ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

നാളെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന യുവതി ഇന്ന് സൌദിയിലെ ത്വാഇഫിൽ വെച്ച് ആണ്‍ കുഞ്ഞിന് ജന്മം നൽകി

വന്ദേ ഭാരത് മിഷൻ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഇന്ന് സൌദിയിലെ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ഗർഭിണികളും രോഗികളും ഉൾപ്പെടെ 146 പേരും 14 കുട്ടികളുമാണ് ഇന്നത്തെ വിമാനത്തിൽ യാത്ര ചെയ്യുന്നത്. അതിനിടെ നാളെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന യുവതി ഇന്ന് സൌദിയിലെ ത്വാഇഫിൽ വെച്ച് ആണ്‍ കുഞ്ഞിന് ജന്മം നൽകി.

73 ഗർഭിണികളും, അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന 36 പേരും, ഫൈനൽ എക്സിറ്റിൽ പോകുന്ന 24 പേരുമുൾപ്പെടെ, 14 കുട്ടികളും 146 മുതിർന്നവരുമാണ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുളള വിമാനത്തിൽ യാത്ര ചെയ്യുന്നത്. സൌദി സമയം വൈകുന്നേരം 3.30ന് പുറപ്പെട്ട വിമാനം രാത്രി 11.50നാണ് കോഴിക്കോട് ഇറങ്ങുക. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന മലപ്പുറം കക്കാട് കരിമ്പിൽ സ്വദേശി അയ്യൂബും ഇന്നത്തെ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ട്. രോഗിയായ അയ്യൂബിന്‍റെ മെഡിക്കൽ രേഖകൾ പൂർണ്ണമല്ലെന്ന കാരണത്താൽ എയർ ഇന്ത്യ അധികൃതർ യാത്ര നിഷേധിച്ചതിനാലാണ് അയ്യൂബ് നാട്ടിലേക്ക് പോകാനാകതെ സൌദിയിൽ കുടുങ്ങിയത്.

നാളെ ഉച്ചക്ക് 3.30ന് മറ്റൊരു വിമാനം കൂടി ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കും. 149 പേർക്കാണ് ആ വിമാനത്തിലും യാത്ര ചെയ്യാനാകുക. ഇതിനിടെ നാളത്തെ വിമാനത്തിൽ കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടയിരുന്ന കോട്ടയം പാല സ്വദേശിനി ബ്ലസ്സി മാത്യൂ ഇന്ന് ത്വാഇഫിലെ ആശുപത്രിയിൽ വെച്ച് ഒരു ആണ്‍ കുഞ്ഞിന് ജന്മം നൽകി. പ്രസവത്തിന് വേണ്ടി നാട്ടിൽ പോകാനായി എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു ബ്ലസ്സി. അതേ സമയം കോഴിക്കോട്ടേക്കുള്ള വലിയ വിമാനം മാറ്റി ചെറിയ വിമാനമാക്കുക വഴി ഇന്നും നാളെയും നാട്ടിലേക്ക് പോകാനായി തയ്യാറായ 340 ഓളം പേരുടെ യാത്ര പ്രതിസന്ധിയിലായി.