LiveTV

Live

Saudi Arabia

ജിദ്ദ - കോഴിക്കോട് സെക്ടറിൽ മുന്നറിയിപ്പില്ലാതെ വിമാനം മാറ്റി; നിരവധി പേരുടെ യാത്ര മുടങ്ങി 

319 പേർക്ക് യാത്ര ചെയ്യാമായിരുന്ന വലിയ വിമാനം റദ്ദാക്കി 149 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാക്കി മാറ്റിയതാണ് യാത്ര മുടങ്ങാൻ കാരണമായത്

ജിദ്ദ - കോഴിക്കോട് സെക്ടറിൽ മുന്നറിയിപ്പില്ലാതെ വിമാനം മാറ്റി; നിരവധി പേരുടെ യാത്ര മുടങ്ങി 

ജിദ്ദ - കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യേണ്ട നിരവധി പേർ ടിക്കറ്റ് ലഭിക്കാതെ മടങ്ങി. ഗർഭിണികളും രോഗികളുമുൾപ്പെടെ മൂന്നൂറ്റി നാൽപ്പതോളം പേർക്കാണ് യാത്ര മുടങ്ങിയത്. മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വലിയ വിമാനം റദ്ദാക്കി ചെറിയ വിമാനമാക്കി മാറ്റിയതാണ് നിരവധി പേർക്ക് യാത്ര മുടങ്ങാൻ കാരണമായത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യാൻ കോണ്‍സുലേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് യാത്രക്കാർ ടിക്കെറ്റുടുക്കുന്നതിനായി ജിദ്ദയിലെ എയർ ഇന്ത്യ ഓഫീസിലെത്തിയത്. ജിദ്ദക്ക് പുറത്ത് നിന്നടക്കം ഗർഭിണികളും രോഗികളുമുൾപ്പെടെ നിരവധി പേർ മണിക്കൂറുകളോളം എയർ ഇന്ത്യ ഓഫീസിന് മുന്നിൽ ടിക്കറ്റിനായി കാത്തിരുന്നു. എന്നാൽ പലർക്കും ടിക്കറ്റില്ലാതെ മടങ്ങേണ്ടി വന്നു.

319 പേർക്ക് യാത്ര ചെയ്യാമായിരുന്ന വലിയ വിമാനം റദ്ദാക്കി 149 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാക്കി മാറ്റിയതാണ് യാത്ര മുടങ്ങാൻ കാരണമായത്. മൂന്നറിയിപ്പില്ലാതെ എയർ ഇന്ത്യ ചെയ്ത ഈ നടപടിയിൽ യാത്രക്കാർക്ക് അറിയിപ്പ് നൽകുക വഴി കോണ്‍സുലേറ്റ് അധികൃതരും വെട്ടിലായി. വന്ദേ ഭാരത് മിഷൻ പദ്ധതി ആരംഭിച്ച് ഇത് വരെ വെറും 149 പേർ മാത്രമാണ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി കാലങ്ങളിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.