സൗദിയില്‍ ഇന്നും 2886 പേര്‍ക്ക് അസുഖം മാറി: ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു; റിയാദില്‍ കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

സൌദിയില്‍ ഇന്ന് ഒമ്പത് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 329 ആയി. ഇന്നും രോഗമുക്തി നേടിയവരുടെ എണ്ണമാണ് കൂടുതല്‍. 2886 പേര്‍ക്കാണ് ഇന്ന് രോഗം മാറിയത്. ഇന്നലെ മുവ്വായിരത്തിന് മുകളിലുണ്ടായിരുന്നു രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 31634 ആയി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 27891 ആയി കുറഞ്ഞു. സൌദിയില്‍ ഇതുവരെ അസുഖം സ്ഥിരീകരിച്ചത് 59854 പേര്‍ക്കാണ്. ഇന്ന് 2509 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. 251 പേര് ഗുരുതരാവസ്ഥയിലും തുടരുന്നു. 24 മണിക്കൂറിനിടെ പതിനാറായിരം പേര്‍ക്കാണ് കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ആകെ കോവിഡ് ടെസ്റ്റുകള്‍ 6,18,084 ആയി.

ജാഗ്രതക്കുറവും അശ്രദ്ധയും കാരണം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും അസുഖം പടരുന്നുണ്ട്. നിലവില്‍ ചികിത്സയില്‍ തുടരുന്നവര്‍ക്ക് അസുഖം മാറുന്നതും പ്രധാന നേട്ടമാണ്. എങ്കിലും പല ഭാഗങ്ങളിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മലയാളികള്‍ക്കിടയിലും അസുഖം പടരുന്നതിന് കാരണം ഇതാണെന്ന് മലയാളി ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്ത് മവീദ് ആപ്ലിക്കേഷന്‍ വഴിയാണ് കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്. ഗുരുതര ആരോഗ്യ പ്രയാസങ്ങളില്ലെങ്കില്‍ വീടുകളില്‍ തന്നെ ഐസൊലേഷനില്‍ തുടരാനുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം തന്നെയാണ് സൌദി മന്ത്രാലയവും ഇപ്പോള്‍ നല്‍കുന്നത്. ഡോക്ടര്‍മാരുടെ സഹായത്തോടെ കോവിഡ് ലക്ഷണങ്ങള്‍ക്കുള്ള മരുന്നും തുടരണം. എന്നാല്‍ ആരോഗ്യ പ്രയാസങ്ങളുള്ളവരാണെങ്കില് നേരത്തെ ആശുപത്രിയിലെത്തി ചികിത്സ നേടണം.
ഇതിനിടെ സൗദിയിലെ റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് കോവിഡ് ബാധിച്ച് മരിച്ചു. 54-കാരനായ കാരിയന്‍കണ്ടി ഇസ്മായീലാണ് മരിച്ചത്. റിയാദ് ദാറുശിഫ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു. കോവിഡ് ലക്ഷണങ്ങളും ശ്വാസം മുട്ടലും അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ബത്ഹ ഗുറാബിയില്‍ താമസിക്കുന്ന ഇദ്ദേഹത്തെ കെഎംസിസി സേവനവിഭാഗത്തിലെ മഹബൂബ് കണ്ണൂരാണ് ആശുപത്രിയിലേക്ക് കാറില്‍ എത്തിച്ചത്.
ഇതിന് ശേഷം നില വഷളായതോടെ വെന്റിലേറ്ററിലായിരുന്നു. നേരത്തെ തന്നെ ശ്വാസം മുട്ടല്‍ പ്രയാസങ്ങളും സര്‍ജറിയും കഴിഞ്ഞയാളാണ്. സന്ദര്‍ശക വിസയിലാണ് ഇവര്‍ സൌദിയിലെത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയും, സഹോദരിയുടെ മകളും സൌദിയില്‍ കോവിഡ് ചികിത്സയിലാണ്. ഇവര്‍ സുഖം പ്രാപിച്ച് ആരോഗ്യം മെച്ചപ്പെട്ടതായി സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇതോടെ സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായി. ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്. 1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്), 2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന് (41), 3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്), 4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന് (51 വയസ്സ്), 6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) 7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59), 8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), 9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), 10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന് സുവദേവന്‍ (52), 11.ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന് ബെന്നി (53), 12. തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന് ഭാസി (60), 13. റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.