ദമ്മാമിലെ സെക്കന്റ് ഇന്റസ്ട്രിയല്‍ സിറ്റി ഐസൊലേറ്റ് ചെയ്തു; അല്‍ അതീര്‍ മേഖലയില്‍ കര്‍ഫ്യൂവില്‍ ഇളവ്
സൌദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അതീര്‍ മേഖലയില്‍ പ്രാബല്യത്തിലുള്ള 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് ചെയ്തു

സൌദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അതീര്‍ മേഖലയില്‍ പ്രാബല്യത്തിലുള്ള 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് ചെയ്തു. നാളെ മുതല്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. മേഖലയില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനാ നടപടികള്‍ തുടരും. ഇതിനിടെ, കോവിഡ് പരിശോധനക്കായി ദമ്മാമിലെ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി ഐസൊലേറ്റ് ചെയ്തു. ഈ മേഖലയിലുള്ള ആരും സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പരിധി വിട്ട് പുറത്ത് പോകാന്‍ പാടില്ല. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഈ മേഖലയിലെ ഫാക്ടറികള്‍ക്ക് മൂന്നില്‍ ഒന്ന് ജീവനക്കാരുമായി പ്രവര്‍ത്തനം തുടരാം. എഞ്ചിനീയര്‍മാര്‍, മാനേജര്‍മാര്‍, ജോലിക്കാര്‍ എന്നിവരാരും മേഖല വിട്ട് പോകാന്‍ പാടില്ല. പരിശോധനകള്‍ക്ക് വിധേയമായി ഈ മേഖലയിലേക്ക് ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാകും പ്രവേശനവും പുറത്ത് പോകാനും അനുമതിയുണ്ടാവുക. നാളെ മുതല്‍ തീരുമാനം പ്രാബല്യത്തിലാണ്.