LiveTV

Live

Saudi Arabia

അടിയന്തര പാസ്​പോർട്ട് സേവനങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയിൽ മെയ്​ അഞ്ച്​ മുതൽ

അപേക്ഷ സമർപ്പിക്കാൻ എത്തുന്നതിന്​ മുമ്പ്​ മുൻകൂര്‍​ അനുമതി തേടിയിരിക്കണം.

അടിയന്തര പാസ്​പോർട്ട് സേവനങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയിൽ മെയ്​ അഞ്ച്​ മുതൽ

അത്യാവശ്യമായി പാസ്​പോർട്ട്​ പുതുക്കുന്നത്​ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയിൽ മെയ്​ അഞ്ചിന്​ പുനരാരംഭിക്കുന്നു. സൗദി അറേബ്യയിൽ കർഫ്യൂ ഭാഗികമായി നീക്കിയെങ്കിലും എംബസിയുടെ പുറംകരാർ ഏജൻസിയായ വി.എഫ്​.എസ്​ ​ഗ്ലോബലി​ന്‍റെ രാജ്യത്തെ വിവിധ പട്ടണങ്ങളിലും റിയാദിലുമുള്ള ഇന്ത്യൻ പാസ്​പോർട്ട്​, വിസ അപ്ലിക്കേഷൻ കേന്ദ്രങ്ങൾക്ക്​ പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ അനുവാദം നൽകിയിട്ടില്ല. അതുകൊണ്ടാണ്​ അടിയന്തര പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ വേണ്ടി എംബസിയുടെ റിയാദിലെ ആസ്ഥാനത്ത്​ സൗകര്യമൊരുക്കുന്നത്​. അടിയന്തരമായി പാസ്​പോർട്ട്​ പുതുക്കേണ്ടവർക്ക്​ എംബസിയിൽ​ നേരി​ട്ടെത്തിയാണ്​​ അപേക്ഷ നൽകേണ്ടത്​. അപേക്ഷ നൽകാനെത്തുന്നവരുടെ ആൾക്കൂട്ടം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർ സമൂഹ അകല പാലനം ഉൾപ്പെടെ ആ​വശ്യമായ എല്ലാ ആരോഗ്യ മുൻകരുതലുകളും സ്വീകരിക്കണം. കർശന​​ നിബന്ധനകളാണ്​ ഇതിന്​ നിശ്ചയിച്ചിട്ടുള്ളത്​.

1. പാസ്​പോർട്ട്​ പുതുക്കാനോ പുതിയത്​ എടുക്കാനോ ബന്ധപ്പെട്ട മറ്റ്​ സേവനങ്ങൾക്കോ അപേക്ഷ സമർപ്പിക്കാൻ എത്തുന്നതിന്​ മുമ്പ്​ മുൻകൂറ്​ അനുമതി തേടിയിരിക്കണം.

2. 920006139 എന്ന എംബസി കാൾ സെൻറർ നമ്പറിൽ ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട്​ നാലിനും ഇടയിൽ വിളിച്ചാണ്​​ അപ്പോയിൻറ്​മെൻറ്​ നേടേണ്ടത്​. അല്ലെങ്കിൽ info.inriyadh@vfshelpline.com എന്ന ഇമെയിലിൽ കത്തയക്കണം. കാൾ സെൻറർ മെയ്​ നാല്​ മുതൽ പ്രവർത്തനം ആരംഭിക്കും.

3. മുൻകൂർ അനുമതി വാങ്ങിയെത്തുന്ന അപേക്ഷകനെയല്ലാതെ മറ്റാരെയും എംബസിയിൽ പ്രവേശിപ്പിക്കില്ല. അപ്പോയിൻറ്​മെൻറ്​ കിട്ടിയ തീയതിയിലും സമയത്തും തന്നെ എംബസിയിലെത്തണം. പാസ്​പോർട്ട്​ അപേക്ഷകൾ നൽ​കാനുള്ള സമയം ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10നും ഉച്ചക്ക്​ ശേഷം രണ്ടിനും​ ഇടയിലാണ്​.

4. ​അപേക്ഷകൻ മാസ്​ക്​ ധരിച്ചിരിക്കണം.

5. ഇതിനകം കാലാവധി കഴിഞ്ഞതും ജൂൺ 30ന്​ മുമ്പ്​ കാലാവധി കഴിയുന്നതുമായ പാസ്​പോർട്ടുകളുടെ ഉടമകൾക്കാണ്​​ മുൻഗണന.

6. ഇതിൽ പെടാത്ത അത്യാവശ്യക്കാരുണ്ടെങ്കിൽ അവർ cons.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അടിയന്തരമായ ആവശ്യം എന്താണെന്ന്​ വിശദീകരിച്ച്​, അത്​ തെളിയിക്കുന്ന രേഖകൾ സഹിതം കത്തയക്കണം. അടിയന്തര സാഹചര്യം എന്താണെന്ന്​ പരിശോധിച്ച്​ പരിഹാര നടപടിയുണ്ടാവും.