സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച 17 ഇന്ത്യക്കാരില്‍ നാല് മലയാളികള്‍
ഇന്ത്യന്‍ എംബസിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി. ആദ്യം മരണപ്പെട്ട രണ്ട് മലയാളികള്‍ക്ക് പുറമെ രണ്ടുപേര്‍ കൂടി ഒരാഴ്ചക്കിടെ മരിച്ചു. ഇതോടെ മരണപ്പെട്ട ആകെ മലയാളികള്‍ നാലായി. അഞ്ച് മഹാരാഷ്ട്രക്കാരും മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികളും മൂന്ന് ബീഹാര്‍ സ്വദേശികളും രണ്ട് തെലങ്കാന സ്വദേശികളുമാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യന്‍ എംബസിയാണ് കണക്ക് പുറത്ത് വിട്ടത്. ആദ്യം പുറത്ത് വിട്ട എംബസിയുടെ കണക്കില്‍ മക്കയില്‍ മരിച്ച ബീഹാര്‍ സ്വദേശിയായ സാഹിര്‍ ഹുസൈന് കേരളക്കാരനാണെന്നാണ് രേഖപ്പെടുത്തിയത്. ഇത് പിന്നീട് തിരുത്തുകയായിരുന്നു.
റിയാദില്‍ ഈ മാസം 23ന് മരണപ്പെട്ട വിജയകുമാരന്‍ നായരും (51) അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാനും (51) ആണ് കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികള്‍. ഈ മാസം തുടക്കത്തില്‍ മദീനയില്‍ കണ്ണൂര്‍ സ്വദേശിയും റിയാദില്‍ മലപ്പുറം സ്വദേശിയും മരണപ്പെട്ടിരുന്നു.
ഇതിനിടെ സൌദിയില്‍ നിന്നുള്ള ഇന്ത്യക്കാരില്‍ നാട്ടില്‍ അടിയന്തിരമായി പോകാനുള്ളവരെ ഒഴിപ്പിക്കുന്നതിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എംബസി അറിയിച്ചു. ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണമടക്കം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംബസി അറിയിച്ചു.