LiveTV

Live

Saudi Arabia

സൗദിയില്‍ 36 പേര്‍ക്ക് കൂടി കോവിഡ്, ആകെ രോഗബാധിതരുടെ എണ്ണം 274; ആരോഗ്യ മന്ത്രാലയ വക്താവ് മീഡിയവണിനോട്‌ പറഞ്ഞ പ്രധാന കാര്യങ്ങള്‍

274 പേര്‍ക്കാണ് സൌദിയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്

സൗദിയില്‍ 36 പേര്‍ക്ക് കൂടി കോവിഡ്, ആകെ രോഗബാധിതരുടെ എണ്ണം 274; ആരോഗ്യ മന്ത്രാലയ വക്താവ് മീഡിയവണിനോട്‌ പറഞ്ഞ പ്രധാന കാര്യങ്ങള്‍

സൌദിയില്‍ കോവിഡ് 19 ഇന്ന് 36 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ സൌദിയില്‍ രോഗ ബാധിതരുടെ എണ്ണം 274 ആയി ഉയര്‍ന്നു. എട്ടു പേര്‍ രോഗ മോചിതരായിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നു സ്ഥിരീകരിച്ച മുപ്പത്തിയാറ് കേസുകളില്‍ 17 പേര്‍ വിദേശത്ത് നിന്നും എത്തിയ സ്വദേശികളാണ്.

മൊറോക്കോ, ബ്രിട്ടന്‍, സ്പെയിന്‍, ഇറാന്‍, പാകിസ്താന്‍, ഇന്ത്യ, കുവൈത്ത്, ഇറാഖ്, യുഎസ്എ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഇവര്‍ നേരത്തെ നിരീക്ഷണത്തിലായിരുന്നു. 19 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് നേരത്തെയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ്. ഇന്നത്തെ കേസുകളില്‍ 21 പേര്‍ റിയാദിലാണ്. ഖത്തീഫില്‍ 4, മക്കയിലും ദമ്മാമിലും മൂന്ന് വീതം, രണ്ട് കേസുകള്‍ ഹുഫൂഫില്‍, ഒരോന്ന് വീതം ജിദ്ദ, ദഹ്റാന്‍, മഹായില്‍ അസീര്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചു. റിയാദില്‍ അസുഖ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ശുമൈസി ഹോസ്പിറ്റിലക്ക് ഞായറാഴ്ച മുതല്‍ പുറത്തു നിന്നുള്ള രോഗികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

കോവിഡ് 19 രോഗവും കൊറോണ വൈറസും പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കുമെന്ന് സൌദി ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ അബ്ദുല്ലൈലി മീഡിയവണിനോട് പറഞ്ഞു.

റിയാദില്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും
റിയാദില്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും

റിയാദില്‍ ഓരോ ദിവസവും അതത് ദിവസത്തെ സാഹചര്യങ്ങള്‍ അറിയിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനമുണ്ട്. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മീഡിയവണുമായി അദ്ദേഹം പങ്കുവെച്ച പ്രധാന എട്ട് വിവരങ്ങളാണ് താഴെ:

1. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. വിദേശത്ത് നിന്നെത്തിയവരാണ് ഭൂരിഭാഗം പേരും. ഇവരെ വിമാനത്താവളത്തില്‍ നിന്നു തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവര്‍ക്ക് ഇവരില്‍ നിന്നും പടര്‍ന്നതാണ്. 8 പേര്‍ രോഗ മോചിതരായി. രണ്ട് പേര്‍ ഐസിയുവില്‍ തുടരുകയാണ്. അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി നിര്‍ത്തി വെച്ചതിനാല്‍‌ പ്രതീക്ഷയുണ്ട്. ഇതുവരെ പതിനാലായിരം പേരുടെ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. രോഗികളില്‍ രണ്ടു പേരൊഴികെ ബാക്കിയുള്ളവരെല്ലാം ആരോഗ്യത്തിലേക്ക് തിരിച്ചു വരികയാണ്.

2. മദീന ഹറമിലേക്ക് പ്രവേശനം ഇനിയൊരു അറിയിപ്പു വരെ ഉണ്ടാകില്ല. രാജ്യത്ത് ജുമുഅയടക്കം നിര്‍ത്തിവെച്ചത് ഗൌരവതരമായ സാഹചര്യം പരിഗണിച്ചാണ്.വലിയ ജനക്കൂട്ടം ഒരേയിടത്ത് ചേരുന്നത് നിയമലംഘനമാണ്. വ്യക്തികള്‍ കൂടി സ്വന്തം നിലക്ക് തീരുമാനിച്ചാലേ വൈറസിനെ നമുക്ക് പ്രതിരോധിക്കാനാകൂ. വിദേശികള്‍ക്കും സ്വദേശികള്‍ക്കും വേറെ വേറെ നിര്‍ദേശങ്ങളില്ല. രാജ്യത്തുള്ള മുഴുവന്‍ നിയമങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. നിസ്സീമമായ സഹകരണം വേണ്ട സമയമാണിത്.

3. സ്വദേശികളുടെയും വിദേശികളുടേയും സുരക്ഷ പരിഗണിച്ച് രാജ്യത്തുടനീളം ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. മുനിസിപ്പാലിറ്റിക്ക് കീഴിലാണ് പരിശോധന. ബാച്ചിലേഴ്സ് താമസിക്കുന്ന കേന്ദ്രത്തിന്രെ ഉത്തരവാദിത്തം അതത് കമ്പനികള്‍ക്കാണ്. അവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് മുനിസിപ്പാലിറ്റിക്ക് കീഴില്‍ പരിശോധന. ലംഘനം കണ്ടെത്തിയാല്‍ നിയമ നടപടിക്ക് ബന്ധപ്പെട്ട വകുപ്പിന് വിവരം നല്‍കും

4. വിസകള്‍ പുതുക്കാന്‍ അബ്ഷീറില്‍ സംവിധാനം പ്രാബല്യത്തിലാണ്. അബ്ഷിര്‍, മുഖീം പോര്‍ട്ടലുകള്‍ വഴി സന്ദര്‍ശക വിസകള്‍ പുതുക്കാമെന്ന് ജവാസാത്ത് ഇന്ന് അറിയിച്ചിട്ടുണ്ട്. പരമാവധി കാലാവധിയായ 180 ദിവസം പിന്നിട്ടവർക്കും രാജ്യം വിടാതെ വിസ പുതുക്കാം. തടസ്സങ്ങള്‍ നേരിടുന്നവര്‍ക്ക് ജവാസാത്തില്‍ ബന്ധപ്പെടാം. ഇവിടെ നിന്നും തത്സമയം വിവരങ്ങള്‍ ലഭിക്കും. സന്ദര്‍ശന വിസയിലുള്ളവരടക്കം കൊറോണ പടരാതിരിക്കാന്‍ പുറത്തിറങ്ങാതിരിക്കണം.

5. നാളെ മുതല്‍ അധികം പുറത്തിറങ്ങരുത്. നാളെ അവധി ദിനമായതിനാല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ സാധ്യത ഏറെയുള്ള ദിനമാണ്. ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയണം. ജാഗ്രത കനത്തതായതുകൊണ്ടാണ് ജുമുഅ നമസ്കാരങ്ങള്‍ വരെ രാജ്യത്ത് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്. നിയമം ലംഘിച്ച് സംഗമങ്ങള്‍ നടത്തുന്നവര്‍ക്ക് നേരെ നടപടിയുണ്ടാകും. 14 ദിവസം നിരീക്ഷണത്തിലുള്ളവര്‍ക്ക് ലീവ് നല്‍കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

6. വ്യാജ ഉത്പന്നങ്ങളില്‍ പെട്ടു പോകരുത്. നിരവധി സ്റ്റൈറിലൈസേഷന്‍ വസ്തുക്കള്‍ വ്യാജമായി നിര്‍മിച്ചത് വാണിജ്യ മന്ത്രാലയം പിടികൂടിയിട്ടുണ്ട്. ഇതിനാല്‍ തെരുവുകളില്‍ നിന്നും ഇവ വാങ്ങരുത്. കടകളില്‍ നിന്നും വാങ്ങുമ്പോള്‍ മതിയായ കാലാവധിയുള്ളതാണോ എന്ന് ഉറപ്പു വരുത്തണം. വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തില്‍ വിളിച്ച് അറിയിക്കാം. ഫസ്റ്റ് എന്ന പേരിലുള്ള സ്റ്റൈറിലൈസര്‍ വാങ്ങരുതെന്ന് മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇവയില്‍ മെതനോളിന്റെ അളവ് കൂടുതലാണ്. ഗുരുതര ആരോഗ്യ പ്രയാസങ്ങളുണ്ടാക്കും. ഏത് സംശയങ്ങള്‍ക്കും സൌദി ഫുഡ് ആന്റ് മെഡിസിന്റെ 19999 എന്ന നമ്പറില്‍ ബന്ധപ്പെടാം.

7. വ്യാജ പ്രചാരണങ്ങള്‍ക്ക് മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഉള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്റ്റൈറിലൈസര്‍ കുടിച്ചാല്‍ കോവിഡ് 19 അസുഖം മാറുമെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത രണ്ടു പേര്‍ അറസ്റ്റിലാണ്. അഞ്ച് വര്‍ഷം തടവാണ് കുറ്റം തെളിഞ്ഞാല്‍ ശിക്ഷ. വിവിധ ഭാഷകളിലുള്ള തെറ്റായ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. സൃഷ്ടിക്കുന്നതിനൊപ്പം പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

8. രാജ്യത്ത് സ്വകാര്യ മേഖലാ ജീവനക്കാരുടെ എണ്ണം പരിശോധിച്ച് വീണ്ടും കുറക്കും. സ്വകാര്യ മേഖലയില്‍ നിലവില്‍ ലീവ് അനുവദിച്ചവരുടെ ശമ്പളം പെയ്ഡ് ലീവാണെങ്കിലും അല്ലെങ്കിലും അക്കാര്യം ജീവനക്കാരുമായി സംസാരിക്കണം. ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കാതെ ശമ്പളം റദ്ദാക്കാന്‍ പാടില്ലെന്നതാണ് രാജ്യത്തെ നിയമം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം ഉറപ്പു വരുത്താന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. ജീവനക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇതിലുള്ള പരാതികള്‍ പരിഗണിക്കുക. കൊറോണ തടയുന്നതിനായാണ് നിലവിലെ ക്രമീകരണങ്ങള്‍. നിലവിലെ സാഹചര്യം പരിഗണിച്ച് രാജ്യത്തെ മുഴുവന്‍ പരിപാടികളും സംഗമങ്ങളും റദ്ദ് ചെയ്യുകയാണ്. വരാനിരിക്കുന്ന പരിപാടികള്‍ എന്തു ചെയ്യണമെന്നത് അപ്പോഴത്തെ സാഹചര്യം പരിഗണിച്ച് തീരുമാനിക്കും.

ഓരോ ദിവസവും നടക്കുന്ന വാര്‍ത്താ സമ്മേളനങ്ങളിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് മീഡിയവണ്‍ ടിവി
ഓരോ ദിവസവും നടക്കുന്ന വാര്‍ത്താ സമ്മേളനങ്ങളിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് മീഡിയവണ്‍ ടിവി

രാജ്യത്ത് സ്ഥിതിഗതികള്‍ വരും ദിവസങ്ങളില്‍ നിയന്ത്രണ വിധേയമാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയ വക്താവ് മീഡിയവണിനോട് പറഞ്ഞു. സാഹചര്യം അതിവേഗം മറികടക്കാന്‍ വ്യക്തികള്‍ കൂടി വിചാരിക്കണം. ഒന്നിച്ച് മറികടക്കാനാകുമെന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും നടക്കുന്ന വാര്‍ത്താ സമ്മേളനങ്ങളിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് പ്രവാസികളുടെ ജനകീയ ചാനലായ മീഡിയവണ്‍ ടിവി.