LiveTV

Live

Saudi Arabia

കോവിഡ് 19; മക്ക ചെക്ക് പോയിന്റുകളില്‍ പരിശോധന ശക്തം, ഉംറ തീർത്ഥാടകരെ തിരിച്ചയക്കുന്നു

കോവിഡ് 19; മക്ക ചെക്ക് പോയിന്റുകളില്‍ പരിശോധന ശക്തം, ഉംറ തീർത്ഥാടകരെ തിരിച്ചയക്കുന്നു

കോവിഡ് 19 കൂടുതല്‍ ആളുകളില്‍ സ്ഥിരീകരിച്ച പശ്ചാതലത്തില്‍ ഇരുഹറമുകളിലും മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെ ഹറമുകളില്‍ തിരക്ക് കുറഞ്ഞു തുടങ്ങി. മക്ക പ്രവേശനകവാടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെന്ന് കണ്ടെത്തുന്നവരെ തിരിച്ചയക്കുന്നുണ്ട്.

മക്ക, മദീന, ഹറമുകളില്‍ രോഗവ്യാപനം തടയുന്നതിന് ആസൂത്രിതവും ശാസ്ത്രീയവുമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കൊറോണ നിരീക്ഷണ കമ്മറ്റിയുടെ നിര്‍ദ്ധേശങ്ങള്‍ക്കനുസൃതമായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തിവരുന്നു. വാരാന്ത്യമായതിനാല്‍ ഇന്നും നാളെയും മക്കയിലേക്കും മദീനയിലേക്കും സന്ദര്‍ശകര്‍ കൂടുതല്‍ എത്താന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് ചെക്ക് പോയിന്റുകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കി. തീര്‍ത്ഥാടകരെന്ന് കണ്ടെത്തുന്നവരെ ചെക്ക് പോയിന്റുകളില്‍ വെച്ച് തിരിച്ചയക്കുകയാണ്. അഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തിയതോടെ ഹറമുകളില്‍ തിരക്ക് തീരെ കുറഞ്ഞു തുടങ്ങി. ഇന്ന് മക്കയിൽ ഹറമിനകത്തേക്ക് പരിമിതമായ തോതിൽ മാത്രമാണ് പ്രവേശനം അനുവദിച്ചത്. അതേ സമയം ഹറമിൻ്റെ മുറ്റങ്ങളിൽ നമസ്കരിക്കുന്നതിനും മറ്റും വിലക്കില്ല. ഹറമിനകത്ത് കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗങ്ങള്‍ ഉൾപ്പെടെ പൂര്‍ണ്ണമായും അടച്ചിട്ടാണ് അണുനശീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. മൂന്ന് ലക്ഷത്തോളം വരുന്ന തീർത്ഥാടകരാണ് നിലവിൽ ഇരു ഹറമുകളിലമായിട്ടുള്ളത്. ഇവരെ ഘട്ടം ഘട്ടമായി സ്വദേശങ്ങളിലേക്ക് തിരിച്ചയക്കും.