LiveTV

Live

Saudi Arabia

ഷാർജ മേഖലയിൽ വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി

പ്രതിദിനം അഞ്ച് കോടി സ്റ്റാൻഡേർഡ് ഘന അടി പ്രകൃതി വാതകം ഇവിടെ ലഭ്യമാകും

ഷാർജ മേഖലയിൽ വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഷാർജ മേഖലയിൽ വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. മഹാനി പ്രവിശ്യയിലാണ് എമിറേറ്റിന്റെ വികസന കുതിപ്പിന് ഊര്‍ജം പകരുന്ന കണ്ടെത്തൽ. യു.എ.ഇയിൽ അടുത്ത കാലത്ത് കണ്ടെത്തുന്ന വലിയ പ്രകൃതിവാതക ശേഖരം കൂടിയാണിത്. പ്രതിദിനം അഞ്ച് കോടി സ്റ്റാൻഡേർഡ് ഘന അടി പ്രകൃതി വാതകം ഇവിടെ ലഭ്യമാകും. 14,597 അടി താഴ്ചയിലാണ് വാതക സാന്നിധ്യം. എമിറേറ്റിൽ ഏതാണ്ട് മൂന്നര പതിറ്റാണ്ടിനിപ്പുറമാണ് വാതകശേഖരം കണ്ടെത്തുന്നത്.

മേഖലയിൽ കൂടുതൽ പര്യവേക്ഷണം നടത്താൻ ഷാർജ നാഷണൽ ഓയിൽ കോർപറേഷനും ഇറ്റാലിയൻ പങ്കാളിയായ ഇ.എൻ.ഐയും തീരുമാനിച്ചു. ഇ.എൻ.ഐക്ക് ഏതാണ്ട് അമ്പതു ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

നേരത്തെ നടത്തിയ ത്രീ ഡി സർവേഫലം അനുകൂലമായിരുന്നു. ഇതേ തുടർന്നു നടത്തിയ പര്യവേക്ഷണത്തിലാണ് വാതക സാന്നിധ്യം ഉറപ്പായത്. മഹാനിയുടെ സമീപമേഖലകളിലും കൂടുതൽ പര്യവേക്ഷണം തുടരാനുള്ള തയാറെടുപ്പിലാണ്. രാജ്യത്തിന്റെ ഊർജശേഖരം വർധിപ്പിക്കാനും പുതിയ വികസപദ്ധതികൾക്കു തുടക്കം കുറിക്കാനും ഇത് ഏറെ സഹായകമാകുമെന്ന് ഷാർജ ഉപഭരണാധികാരിയും ഷാർജ ഓയിൽ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വ്യക്തമാക്കി.

മൂന്ന് മേഖലകളിലായി 50 ഇന്ധന കിണറുകളാണ് ഷാർജ നാഷണൽ ഓയിൽ കോർപറേഷനുള്ളത്. പര്യവേക്ഷണം, ഉൽപാദനം, എൻജിനീയറിങ്, നിർമാണം, അറ്റകുറ്റപ്പണി എന്നിവക്കായി നൂറുകണക്കിന് വിദഗ്ധരാണുള്ളത്.