സൗദിയില്‍ പുകയില ഉല്പന്നങ്ങള്ക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ധിപ്പിക്കാനൊരുങ്ങി അധികൃതര്‍
പരിഷ്കരിച്ച നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും ഉയര്‍ത്തി

സൗദിയില്‍ പുകയില ഉല്പന്നങ്ങള്ക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം. ആരോഗ്യ മന്ത്രലയമാണ് പരിഷ്കരിച്ച പുകവലി വിരുദ്ധ നിയമാവലിയില്‍ ഉല്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പരിഷ്കരിച്ച നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും ഉയര്‍ത്തി.
ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അംഗീകരിച്ച പരിഷ്കരിച്ച പുകവലി വിരുദ്ധ നിയമാവലിയിലാണ് നിര്‍ദ്ദേശം. രാജ്യത്ത് വില്‍ക്കുന്ന സിഗരറ്റിനും പുകയില ഉല്പന്നങ്ങള്ക്കും നികുതി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. പരിഷ്കരിച്ച നിയമാവലിയില്‍ പുകയില ഉല്പന്നങ്ങള്ക്ക് രാജ്യം ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കുള്ള പിഴ തുക അയ്യായിരം റിയാലായി ഉയര്‍ത്തി. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ തുക ഇരട്ടിയായും ചുമത്താന്‍ അനുവാദം നല്‍കുന്നുണ്ട് പുതിയ നിയമം. പിഴ ചുമത്തപ്പെട്ടാല്‍ അറുപത് ദിവസത്തിനകം അപ്പീല്‍ നല്‍കുന്നതിനും നിയമലംഘകര്‍ക്ക് അനുവാദമുണ്ട്.
പുതിയ നിര്‍ദ്ദേശങ്ങള്‍ മന്ത്രി സഭാ അനുമതിയോടെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിലാകും. രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നതിന് നിലവില്‍ നിരോധനം നിലവിലുണ്ട്. മസ്ജിദുകള്‍, ഇരു ഹറമുകള്‍, സര്‍ക്കാര്‍ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങള്‍, എംബസികളും കോണ്‍സുലേറ്റുകളും, പൈതൃക, പുരാവസ്തു കേന്ദ്രങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, പൊതു ഗതാഗത സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പുകവലിച്ചാല്‍ ഇരുന്നൂറ് റിയാലാണ് പിഴ.
രാജ്യത്തെത്തുന്ന പുകയില ഉല്പന്നങ്ങളുടെ ഗുണമേന്മ ബന്ധപ്പെട്ട വകുപ്പ് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അന്തിമ വില്‍പ്പന അനുമതി ലഭ്യമാകൂ. ഇതിനായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനും ഉല്പന്നം പിടിച്ചെടുക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അനുമതി നല്‍കുന്നതാണ് പുതുക്കിയ നിയമാവലി. സിഗരറ്റ് വാങ്ങുന്ന ആള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് തെളിവുകള്‍ ആവശ്യപ്പെടാനും സെയില്സ്മാന് പുതിയ നിയമാവലി അനുവാദം നല്‍കുന്നുണ്ട്.