യുദ്ധഭീതി കനത്തു; ആശങ്കയിൽ ഗൾഫ്
കടുത്ത നടപടികൾക്ക് മുതിരരുതെന്നാണ് സൗദി അറേബ്യ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൾഫ് മേഖലയിൽ യുദ്ധഭീതി കനക്കുന്നു. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഇറാന്റെ ആക്രമണം മറ്റൊരു ഗൾഫ് യുദ്ധം തുടങ്ങുന്നുവെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ആക്രമണത്തിന് സൗകര്യം നൽകുന്ന രാജ്യങ്ങളെയും വെറുതെ വിടില്ലെന്നും ഇറാന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇറാഖിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ വിവിധ രാജ്യങ്ങൾ നടപടി തുടങ്ങി.
കടുത്ത നടപടികൾക്ക് മുതിരരുതെന്നാണ് സൗദി അറേബ്യ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനു പുറമെ വിവിധ രാജ്യങ്ങളിലെ തെഹ്റാൻ അനുകൂല മിലീഷ്യകൾ ഉയർത്തുന്ന ഭീഷണി യുദ്ധത്തിന്റെ ഗതിമാറ്റുമെന്ന ആശങ്കയുണ്ട്. യു.എസിന്റെ പശ്ചിമേഷ്യയിലെ പ്രധാന സൈനിക കേന്ദ്രങ്ങളിൽ ചിലത് ഗൾഫിലാണ്. ഏതാണ്ട് മുപ്പതിനായിരത്തിലേറെ യു.എസ് സൈനികരും ഇവിടെ മാത്രം തമ്പടിച്ചിട്ടുണ്ട്. കൂടുതൽ സൈനികരും സന്നാഹങ്ങളും വരാനിരിക്കുന്നു.
യുദ്ധസാഹചര്യം രൂപപ്പെട്ടതോടെ സൈനിക താവളങ്ങൾക്കും നയതന്ത്ര കേന്ദ്രങ്ങളുടെയും സുരക്ഷ വർധിപ്പിച്ചു. കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് എണ്ണകപ്പലുകളുടെ സുരക്ഷയും ഉയർത്തി. ആഗോളവിപണിയിൽ എണ്ണവില ഉയരുകയും ഗൾഫ് ഓഹരി വിപണികളിൽ തകർച്ച തുടരുകയുമാണ്. യു.എസ് വിമാന കമ്പനികൾ സർവീസ് നിർത്തി വെച്ചത് ഗൾഫ് വിനോദ സഞ്ചാര മേഖലക്കും തിരിച്ചടിയായി. യാത്രക്കാരുടെ സുരക്ഷക്ക് ഉയർന്ന പരിഗണന നൽകുന്നതിനാൽ ഗൾഫ് വിമാന കമ്പനികളും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.
അതിനിടെ, എല്ലാ പൗരൻമാരെയും അടിയന്തരമായി ഇറാഖിൽ നിന്ന് ഒഴിപ്പിക്കാൻ ഫിലിപ്പീൻസ് തീരുമാനിച്ചു. മറ്റു രാജ്യങ്ങളും സമാന നിലപാട് സ്വീകരിച്ചേക്കും. ഇറാഖിലെ ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, അത്യാവശ്യമല്ലാത്ത യാത്ര മാറ്റിവെക്കണമെന്നും നിർദേശിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്ന് ജപ്പാനും ആസ്ട്രേലിയയും ആവശ്യപ്പെട്ടു. സംഘർഷം രൂക്ഷമായതോടെ പെന്റഗൺ, വൈറ്റ്ഹൗസ് അധികൃതർ സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി തിരക്കിട്ട ആശയവിനിമയം തുടരുകയാണ്.